ഓരോ മത്സരം കൂടുന്തോറും അബദ്ധങ്ങളും മോശം തീരുമാനങ്ങളും,ISLൽ VAR നിർബന്ധമാണെന്ന് ഇവാൻ വുക്മനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് എപ്പോഴും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. അതിന് കാരണം അവരുടെ മോശം തീരുമാനങ്ങളും തെറ്റായ തീരുമാനങ്ങളുമാണ്. വലിയ അബദ്ധങ്ങളാണ് പലപ്പോഴും റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ അർഹതപ്പെട്ട ഗോളുകളും വിജയങ്ങളുമൊക്കെ പല ടീമുകൾക്കും നഷ്ടപ്പെടാറുണ്ട്.

മോശം റഫറിയിങ് ഏറ്റവും കൂടുതൽ ബാധിച്ച ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ വിവാദം നാം ഏവരും കണ്ടതാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് എപ്പോഴും ഈ മോശം റഫറിയിങ്ങിനെതിരെ സംസാരിക്കാറുണ്ട്. എന്തിനേറെ പറയുന്നു ഈ സീസണിൽ പോലും ബ്ലാസ്റ്റേഴ്സിന് അർഹമായ പെനാൽറ്റി ലഭിക്കാതെ പോയിട്ടുണ്ട്.

ഇപ്പോൾ ഒരിക്കൽ കൂടി ഇവാൻ വുക്മനോവിച്ച് ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. ഓരോ മത്സരം കൂടുന്തോറും പിഴവുകളും മോശം തീരുമാനങ്ങളും വർദ്ധിച്ചു വരികയാണ് എന്നാണ് ഇവാൻ ആരോപിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് VAR സമ്പ്രദായം ഇന്ത്യൻ സൂപ്പർ ലീഗിൽ നടപ്പിലാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

ബെൽജിയത്തിൽ 2015 മുതൽ തന്നെ അവർ VAR ഉപയോഗിച്ചു പോരുന്നുണ്ട്.ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ലീഗിന്റെ വികസനത്തിനും റഫറിമാരെ സഹായിക്കാൻ വേണ്ടിയും ഇവിടെയും VAR അത്യാവശ്യമാണ്. എനിക്ക് വ്യക്തിപരമായി റഫറിമാരോട് ഒന്നുമില്ല. അവർ ആത്മാർത്ഥതയോടുകൂടി അവരുടെ ഏറ്റവും മികച്ചത് ചെയ്യുന്നു.പക്ഷേ ഫെഡറേഷൻ അവരെ സപ്പോർട്ട് ചെയ്യുന്നില്ല. അവരുടെ ജോലി എളുപ്പമാകാനും ലീഗിന്റെ നിലവാരം വർദ്ധിക്കാനും സാങ്കേതികവിദ്യ അത്യാവശ്യമാണ്, ഓരോ മത്സരത്തിലും മോശം തീരുമാനങ്ങളും പിഴവുകളും പറ്റുന്നു,അതിന് പരിഹാരം കാണേണ്ടതുണ്ട്,ഇതായിരുന്നു കോച്ച് പറഞ്ഞിരുന്നത്.

നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. ഈസ്റ്റ് ബംഗാളിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞത് തീർച്ചയായും ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഘടകമാണ്. എന്നാൽ ആദ്യത്തെ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈയോട് പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ എവേ മത്സരമാണ് നാളെ നടക്കാൻ പോകുന്നത്.

indian Super leagueIvan VukomanovicKerala Blasters
Comments (0)
Add Comment