ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്ലബ്ബുകളിൽ ഒന്ന്:ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ഇവാൻ ഇങ്ങനെ പറയാൻ കാരണമെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലബ്ബ് വിജയിച്ചിട്ടില്ല. അത് അവസാനിപ്പിക്കാൻ ഇത്തവണ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.മികച്ച ഒരു വിജയം നേടാൻ വേണ്ടിയുള്ള ശ്രമമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പക്കലിൽ നിന്നുണ്ടാവുക.
കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. അഞ്ചാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പ്രവേശിച്ചിട്ടുള്ളത്. എതിരാളികൾ ഒഡീഷയായിരിക്കും. ആ പ്ലേ ഓഫ് മത്സരത്തെക്കുറിച്ച് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിച്ചിട്ടുണ്ട്. താരങ്ങൾ പരമാവധി ആ മത്സരത്തിൽ നൽകുമെന്നുള്ള ഒരു പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
മാത്രമല്ല ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണമായി കൊണ്ട് ഇവാൻ വുക്മനോവിച്ച് ചൂണ്ടിക്കാണിക്കുന്നത് വലിയ പ്രതീക്ഷകൾ തന്നെയാണ്.വുക്മനോവിച്ച് പറഞ്ഞത് ഇപ്രകാരമാണ്.
താരങ്ങൾ എല്ലാവരും മോട്ടിവേറ്റഡായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം പ്ലേ ഓഫ് മത്സരം എന്നുള്ളത്വളരെയധികം സ്‌പെഷ്യലായ ഒന്നാണ്. താരങ്ങൾ കളിക്കളത്തിൽ എല്ലാം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അവർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്.അത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്ലബ്ബുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സ്.അതിനു കാരണം വലിയ പ്രതീക്ഷകൾ തന്നെയാണ്.ഓരോരുത്തർക്കും വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്.പക്ഷേ അതൊരു മികച്ച കാര്യമാണ്,ഞാൻ ഇഷ്ടപ്പെടുന്ന കാര്യമാണ്.കേരളത്തിൽ ഉള്ള ഓരോ ദിവസവും ഏറെ സന്തോഷം ലഭിക്കുന്നു.ഞങ്ങൾ ആരാധകർക്ക് വേണ്ടി പോരാടും. അവർ അത് അർഹിക്കുന്നുണ്ട്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷേ പ്ലേ ഓഫ് ഒട്ടും എളുപ്പമുള്ളതായിരിക്കില്ല. കാരണം പരിക്കുകൾ വലിയ വെല്ലുവിളിയാണ് ക്ലബ്ബിന് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.