ഇന്ത്യൻ ദേശീയ ടീമിലേക്ക് കോട്ടാലിനെ തിരിച്ചെത്തിക്കണം,സ്റ്റിമാച്ച് പറഞ്ഞത് നടപ്പിലാക്കി ഇവാൻ വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിന് മണിക്കൂറുകൾക്കകം ഇറങ്ങും. അയൽക്കാരായ ചെന്നൈയിൻ എഫ്സിയാണ് ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെയായിരുന്നു തോൽപ്പിച്ചിരുന്നത്. പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പർ താരം പ്രീതം കോട്ടാൽ ഇതുവരെയും സെന്റർ ബാക്ക് പൊസിഷനിലായിരുന്നു കളിച്ചിരുന്നത്. എന്നാൽ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ വുക്മനോവിച്ച് അദ്ദേഹത്തെ റൈറ്റ് ബാക്ക് പൊസിഷനിലാണ് ഉപയോഗപ്പെടുത്തിയത്.
ഇത് എന്തുകൊണ്ടാണ് എന്നത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.സെന്റർ ബാക്ക് പൊസിഷനിൽ ഡ്രിൻസിചിനൊപ്പം ഹോർമിയായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്. മാത്രമല്ല വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ പ്രഭീർ ദാസിനെ ഉപയോഗപ്പെടുത്താതെ കോട്ടാലിനെ റൈറ്റ് ബാക്ക് പൊസിഷനിൽ വുക്മനോവിച്ച് നിയോഗിക്കുകയായിരുന്നു. മികച്ച പ്രകടനം കോട്ടാൽ ആ പൊസിഷനിൽ നടത്തുകയും ചെയ്തു.
വുക്മനോവിച്ചിന്റെ ഈ തീരുമാനത്തിന് പുറകിലുള്ള ചേതോവികാരം അന്വേഷിക്കാൻ അധികം ദൂരം സഞ്ചരിക്കേണ്ടതില്ല. എന്തെന്നാൽ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലേക്കുള്ള ഇന്ത്യൻ ദേശീയ ടീമിലേക്ക് ഇടം നേടാൻ കോട്ടാലിന് സാധിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കാത്തത് എന്നത് ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാചിനോട് ചോദിച്ചിരുന്നു.സെന്റർ ബാക്ക് പൊസിഷനിൽ മതിയായ താരങ്ങൾ ഉണ്ടെന്നും കോട്ടാലിനെ ആ പൊസിഷനിലേക്ക് ഇനി കൊണ്ടുവരാൻ ആലോചിക്കുന്നില്ല എന്നുമായിരുന്നു സ്റ്റിമാച്ച് പറഞ്ഞിരുന്നത്. എന്നാൽ റൈറ്റ് ബാക്ക് പൊസിഷനിലെ വാതിലുകൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്നും കൂടുതൽ മികവ് പുറത്തെടുത്ത് കഴിഞ്ഞാൽ ഇന്ത്യൻ ദേശീയ ടീമിനെ റൈറ്റ് ബാക്ക് പൊസിഷനിൽ എത്താൻ കോട്ടാലിന് കഴിയുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വുക്മനോവിച്ച് കോട്ടാലിനെ റൈറ്റ് ബാക്ക് പൊസിഷനിൽ നിയോഗിച്ചത്. അദ്ദേഹത്തിന് ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ വേണ്ടിയാണ് ഈയൊരു മാറ്റം പരിശീലകൻ നടപ്പിലാക്കിയിട്ടുള്ളത്.താരങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അവരെ കളിപ്പിക്കാൻ ആശാൻ തയ്യാറാണ് എന്നത് ഇതിൽ നിന്നും വ്യക്തമാണ്. പക്ഷേ ഇനിയുള്ള മത്സരങ്ങളിൽ സ്ഥിരമായി റൈറ്റ് ബാക്ക് പൊസിഷനിൽ കോട്ടാലാണോ ഉണ്ടാവുക എന്നത് വ്യക്തമായിട്ടില്ല.