ആശാൻ ഇനി അമ്പതിന്റെ നിറവിൽ,വിജയങ്ങൾ തന്നെ കൂടുതൽ,ഇതുപോലെയൊരു പരിശീലകൻ മുൻപ് ഉണ്ടായിട്ടുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഗംഭീരമായ ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ആകെ 7 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ അഞ്ചു മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ ഒരു മത്സരത്തിൽ പരാജയപ്പെട്ടു. പക്ഷേ എടുത്തു പറയേണ്ട കാര്യം എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം ക്ലബ്ബ് നടത്തി എന്നതാണ്. പ്രത്യേകിച്ച് പരിക്കുകളും വിലക്കുകളും വില്ലനായിട്ട് പോലും മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഇത്രയും മികച്ച ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ഇതിനു മുൻപ് ലഭിച്ചിട്ടുണ്ടോ എന്നതുപോലും സംശയകരമാണ്. ഇതിനെല്ലാം നന്ദി പറയേണ്ടത് പരിശീലകൻ ഇവാൻ വുക്മനോവിച്ചിനോടാണ്.അദ്ദേഹം വളരെ മികച്ച ഒരു ടീമിനെ തന്നെയാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ വിജയം നേടിക്കൊടുത്തത്. ഇത് ആശാന്റെ അമ്പതാം മത്സരമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം 50 മത്സരങ്ങൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു. ക്ലബ്ബിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ സീസണിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്.
ആദ്യ സീസണിൽ തകർപ്പൻ പ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.നിർഭാഗ്യം കൊണ്ട് അന്ന് കിരീടം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തിയെങ്കിലും വിവാദ ഗോളിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു.ഈ സീസണിൽ ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നു.പ്രത്യേകിച്ച് ഈ പരിശീലകന്റെ കീഴിൽ വലിയ നിരാശകൾ ഒന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. ഇത്തവണയെങ്കിലും കിരീട വരൾച്ചക്ക് വിരാമമിടും എന്ന പ്രതീക്ഷകൾ ആരാധകർക്കുണ്ട്.
ആകെ 50 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ വിജയങ്ങൾ തന്നെയാണ് കൂടുതൽ.24 മത്സരങ്ങളിൽ വിജയിച്ചു, 9 സമനിലകൾ വഴങ്ങി, 17 തോൽവികളും ഏറ്റുവാങ്ങേണ്ടി വന്നു,ഇതാണ് ഇവാനാശാന്റെ കണക്കുകൾ. ഇതിൽ കഴിഞ്ഞ സീസണിലാണ് ഒരല്പം തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഏതായാലും ഇതുപോലെ ഒരു പരിശീലകൻ മുൻപ് കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇന്ന് തന്നെ നമുക്ക് പറയേണ്ടിവരും.