എന്താണ് ഇവാൻ റഫറിമാരെ കുറിച്ച് പറഞ്ഞത്? എന്തിനാണ് വിലക്കും പിഴയും ലഭിച്ചത്?
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന മറ്റൊരു വാർത്തയാണ് ഒരല്പം മുമ്പ് പുറത്തുവന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു മത്സരത്തിൽ നിന്നും വിലക്ക് ലഭിച്ചു കഴിഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനെ വിലക്കിയിട്ടുള്ളത്.മാത്രമല്ല ഒരു തുക പിഴയായി കൊണ്ട് ഇദ്ദേഹത്തിന് ചുമത്തുകയും ചെയ്തിട്ടുണ്ട്.
50000 രൂപയാണ് പിഴയായി കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി ഇപ്പോൾ ചുമത്തിയിട്ടുള്ളത്. പഞ്ചാബ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ടീമിനോടൊപ്പം ഇവാൻ വുക്മനോവിച്ച് ഉണ്ടാവില്ല. പകരം സഹപരിശീലകനായ ഫ്രാങ്ക് ഡോവനാണ് ഉണ്ടാവുക. നാളത്തെ പ്രസ് കോൺഫറൻസിലും അദ്ദേഹം തന്നെയാണ് പങ്കെടുക്കുക.
കഴിഞ്ഞ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്. ആ മത്സരത്തിനുശേഷം റഫറിമാരെ വിമർശിച്ചതിനാണ് വുക്മനോവിച്ചിന് സസ്പെൻഷനും പിഴയും ലഭിച്ചിട്ടുള്ളത്. എന്താണ് വുക്മനോവിച്ച് ആ മത്സരത്തിനുശേഷം പറഞ്ഞത് എന്നത് ഇപ്പോൾ വ്യക്തമായി കഴിഞ്ഞു.അദ്ദേഹം പറഞ്ഞത് മീഡിയാസ് കണ്ടെത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
ഈ റഫറിമാർ ഈ മത്സരം നിയന്ത്രിക്കാൻ അർഹരല്ല,അതിനുള്ള കഴിവ് അവർക്കില്ല.പക്ഷേ നമുക്ക് അവരെ കുറ്റം പറയാൻ കഴിയില്ല.കാരണം ഇത് അവരുടെ പ്രശ്നമല്ല.മറിച്ച് അവരെ ഇതൊക്കെ പഠിപ്പിച്ച ആളുകളുടെ പ്രശ്നമാണ്.അവർക്ക് കളിക്കളത്തിൽ അവസരം നൽകിയ ആളുകളുടെ പ്രശ്നമാണ്,ഇതാണ് വുക്മനോവിച്ച് പറഞ്ഞത്.
അതായത് റഫറിമാർക്ക് പുറമേ AIFF നെയും വുക്മനോവിച്ച് വിമർശിച്ചിട്ടുണ്ട്. ഇതിനാണ് വിലക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ മറ്റുള്ളവർ വിമർശിക്കുമ്പോൾ ഒന്നും തന്നെ ഇത്തരത്തിലുള്ള നടപടികൾ നേരിടേണ്ടി വരുന്നില്ല എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ സീസണിലെ വിവാദ സംഭവങ്ങളെ തുടർന്ന് 10 മത്സരങ്ങളിലെ വലിയ വിലക്കായിരുന്നു ഇവാന് ലഭിച്ചിരുന്നത്.