ഒരു പേടിയും വേണ്ട,നമ്മൾ ശരിയാവും:ബസ്സിലേക്ക് മടങ്ങുന്ന സമയത്ത് ആരാധകരെ നേരിട്ട് കണ്ട് ഉറപ്പ് നൽകി ഇവാൻ വുക്മനോവിച്ച്.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കരുത്തരായ ഒഡീഷ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ലീഡ് നേടുകയും ചെയ്തിരുന്നു. പക്ഷേ ആ ലീഡും മികച്ച പ്രകടനവും രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിച്ചു.റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകൾ ബ്ലാസ്റ്റേഴ്സിന് തോൽവി നൽകുകയായിരുന്നു.

ഈ തോൽവി ആരാധകർക്ക് വലിയ നിരാശ ഉണ്ടാക്കുന്നുണ്ട്.കാരണം കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ജംഷെഡ്പൂർ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും സൂപ്പർ കപ്പിൽ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒഡീഷയോടും തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ നല്ല സമയം കഴിഞ്ഞുവോ എന്ന ആശങ്ക ആരാധകരെ വല്ലാതെ അലട്ടുന്നുണ്ട്.മോശം പ്രകടനത്തിൽ നിന്ന് കരകയറാൻ സാധിച്ചിട്ടില്ലെങ്കിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ സ്വപ്നം കണ്ടതെല്ലാം നഷ്ടമാകാൻ സാധ്യതയുണ്ട്.

ഇന്നലത്തെ മത്സരത്തിൽ കലിംഗ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ഒരുപിടി ആരാധകർ എത്തിയിരുന്നു.മത്സരഫലം അവർക്ക് നിരാശയാണ് നൽകിയത്. മത്സരം അവസാനിച്ച് ടീം ബസ്സിലേക്ക് മടങ്ങുന്ന സമയത്ത് കുറച്ച് ആരാധകർ ടീമിനെ അവിടെ കാത്തുനിന്നിരുന്നു.ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് നേരിട്ട് ആരാധകരെ സമീപിക്കുകയായിരുന്നു. അവർക്കെല്ലാവർക്കും നന്ദി പറയുകയും ഷേക്ക് ഹാൻഡ് നൽകുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സ് റെഡിയാകും എന്നുള്ള ഒരു ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

ഞാൻ നിങ്ങളോട് എല്ലാവരോടും ഇവിടേക്ക് വന്നതിന് നന്ദി പറയുന്നു. നമ്മൾ ഇന്നത്തെ മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനമാണ് നടത്തിയത്.രണ്ടാം പകുതിയിൽ അത് ആവർത്തിക്കാൻ കഴിഞ്ഞില്ല.നിങ്ങൾക്ക് അറിയാമല്ലോ ഒരുപാട് താരങ്ങൾക്ക് പരിക്കാണ്, യുവതാരങ്ങളെ വെച്ചുകൊണ്ടാണ് നമ്മൾ കളിക്കുന്നത്.പക്ഷേ പേടിക്കേണ്ട,നമ്മൾ റെഡിയാകും.ഞങ്ങൾ എവിടെ എവേ മത്സരങ്ങൾ കളിക്കാൻ പോയാലും അവിടെ പിന്തുണക്കാൻ നിങ്ങളെ പോലെയുള്ള ആരാധകർ ഉണ്ട്.അതിന് ഒരുപാട് നന്ദി,നമുക്ക് കൊച്ചിയിൽ കാണാം, ഇതായിരുന്നു ആരാധകരോട് നേരിട്ട് വുക്മനോവിച്ച് പറഞ്ഞിരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഈ വാക്കുകൾ ആരാധകർക്ക് ഊർജ്ജം പകരുന്ന ഒന്നാണ്.ബ്ലാസ്റ്റേഴ്സ് പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്ന് തന്നെയാണ് ഇപ്പോഴും ആരാധകർ വിശ്വസിക്കുന്നത്.അടുത്ത മത്സരം പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചിയിൽ വച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിജയം അനിവാര്യമാണ്.

Kerala BlastersOdisha Fc
Comments (0)
Add Comment