കോപ അമേരിക്കയിൽ ഉറുഗ്വയാണ് ഫേവറേറ്റ് ടീം: കാരണങ്ങളിലൊന്ന് ലൂണയെന്ന് വുക്മനോവിച്ച്!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗംഭീര പ്രകടനമാണ് ഉറുഗ്വ പുറത്തെടുക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പനാമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ അതിലും വലിയ ഒരു വിജയമാണ് അവർ സ്വന്തമാക്കിയത്.ബൊളീവിയയെ എതിരില്ലാത്ത 5 ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ അവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
മാഴ്സെലോ ബിയൽസ എന്ന അർജന്റൈൻ പരിശീലകന് കീഴിൽ അസാമാന്യ കുതിപ്പാണ് ഉറുഗ്വ നടത്തുന്നത്. അതുകൊണ്ടുതന്നെ അവർക്ക് കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ആളുകളും ഉണ്ട്. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് മലയാളത്തിലെ ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. കോപ്പ അമേരിക്കയിലെ തന്റെ ഫേവറേറ്റ് ടീമിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ആ ടീം അർജന്റീനയോ ബ്രസീൽ അല്ല,മറിച്ച് ഉറുഗ്വയാണ്.ഉറുഗ്വയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയാണ്.ഉറുഗ്വക്കാരനാണ് ലൂണ.ലൂണയോടുള്ള ഇഷ്ടം ആശാന് അദ്ദേഹത്തിന്റെ രാജ്യത്തോടുമുണ്ട്.വുക്മനോവിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
കോപ്പയിലെ എന്റെ ഇഷ്ട ടീം ഉറുഗ്വയാണ്.വർഷങ്ങളായി എനിക്ക് പ്രിയപ്പെട്ട ഒന്നാണ് അവരുടെ കളി.ഫുട്ബോളർമാരെ അവർ വളർത്തിയെടുക്കുന്ന രീതിയും ഇഷ്ടമാണ്. എല്ലാത്തിനുമുപരി ഞാൻ ഉറുഗ്വയെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം ഉണ്ട്,അത് അഡ്രിയാൻ ലൂണയാണ്. എന്റെ ഹൃദയം അവർക്കൊപ്പമാണ്, ഇതാണ് ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിന് ശേഷമായിരുന്നു വുക്മനോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടത്.അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.പുതിയ ക്ലബ്ബുകളെ ഒന്നും അദ്ദേഹം തിരഞ്ഞെടുത്തിട്ടില്ല. ഇന്ത്യയിൽ മറ്റേത് ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്നത് നേരത്തെ തന്നെ ഇവാൻ വ്യക്തമാക്കിയിരുന്നു.