കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു സ്ഥിരീകരിച്ചിരുന്നത്. മൂന്ന് വർഷം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്. ഈ മൂന്ന് വർഷവും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രവേശനം സാധ്യമാക്കിയിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ആശാന്റെ പടിയിറക്കം ഒരല്പം ഞെട്ടിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.
ഈ സീസണിന്റെ മധ്യത്തിൽ തന്നെ വുക്മനോവിച്ച് ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ വുക്മനോവിച്ച് അത് നിരസിക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയോട് പരാജയപ്പെട്ടതിന് പിന്നാലെ സ്ഥിതിഗതികൾ എല്ലാം മാറിമറിയായിരുന്നു.ഇവാൻ വുക്മനോവിച്ച് മാറി ചിന്തിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.
അതായത് ക്ലബ്ബ് വിടാനുള്ള അന്തിമ തീരുമാനം എടുത്തത് ഇവാനാണ്.വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സ് കരിയർ അവസാനിപ്പിക്കാൻ വുക്മനോവിച്ച് തീരുമാനിക്കുകയായിരുന്നു.ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനും എതിർപ്പുണ്ടായിരുന്നില്ല. അങ്ങനെയാണ് രണ്ട് കൂട്ടരും വഴി പിരിഞ്ഞിട്ടുള്ളത്.ഇനിയെന്ത് എന്ന ചോദ്യമാണ് ഇവാൻ വുക്മനോവിച്ചിന് മുന്നിൽ ഉള്ളത്.
ഇതിനോടകം തന്നെ അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.ഒരു ഐഎസ്എൽ ക്ലബ്ബും ഇദ്ദേഹത്തെ ഓഫറുമായി സമീപിച്ചിട്ടുണ്ട്.ആ ക്ലബ്ബ് ഏതാണ് എന്നത് വ്യക്തമല്ല. പക്ഷേ വുക്മനോവിച്ച് അത് നിരസിച്ചേക്കും. എന്തെന്നാൽ ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സിനെ അല്ലാതെ മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്ന് വുക്മനോവിച്ച് പറഞ്ഞിരുന്നു. സ്വന്തം രാജ്യമായ സെർബിയയിൽ നിന്നും വുക്മനോവിച്ചിന് ഓഫർ ലഭിച്ചിട്ടുണ്ട്. അത് സ്വീകരിച്ചുകൊണ്ട് അദ്ദേഹം സെർബിയയിൽ തുടരാനുള്ള ഒരു സാധ്യതയാണ് ഇപ്പോൾ കാണുന്നത്.
ഏതായാലും ബ്ലാസ്റ്റേഴ്സിന് ഒരു പകരക്കാരനെ ഇപ്പോൾ ആവശ്യമാണ്.മനോളോ മാർക്കസ്,സെർജിയോ ലൊബേറോ എന്നിവരുടെ പേരുകൾ ഒക്കെ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഐഎസ്എല്ലിൽ ഇല്ലാത്ത മികച്ച ഒരു പരിശീലകനെ കൊണ്ടുവരണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്.ഇവാന് പകരം മികച്ച പരിശീലകൻ തന്നെ വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ ഉള്ളത്.