ഒരു മാറ്റവുമില്ല, മടുത്തു: മത്സരശേഷം പ്രതികരണവുമായി വുക്മനോവിച്ച്

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. സംഭവബഹുലമായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ട് താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചതോടെയാണ് മത്സരം കൈവിട്ടത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ചെർനിച്ച് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി ക്രെസ്‌പൊയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.

മത്സരത്തിൽ രണ്ട് റെഡ് കാർഡുകൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. കൂടാതെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി വഴങ്ങേണ്ടിവന്നു. അങ്ങനെ റഫറിക്ക് പിടിപ്പത് പണിയുള്ള മത്സരം തന്നെയായിരുന്നു കടന്നുപോയത്. മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം ടീം ബസ്സിലേക്ക് മടങ്ങുന്നതിനിടെ മലയാള മാധ്യമപ്രവർത്തകർ പരിശീലകനോട് റഫറിയെക്കുറിച്ച് ചോദിച്ചിരുന്നു.

എന്നാൽ കൂടുതൽ പ്രതികരണങ്ങളിലേക്കൊന്നും അദ്ദേഹം പോയിട്ടില്ല. പറഞ്ഞുപറഞ്ഞ് മടുത്തു എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഇത്രയൊക്കെ പറഞ്ഞിട്ടും റഫറിമാർക്ക് ഒരു മാറ്റവുമില്ലെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. അതായത് റഫറിയിങ് മിസ്റ്റേക്കുകൾ ഇപ്പോഴും ഇന്ത്യൻ സൂപ്പർ ലീഗിൽ ആവർത്തിക്കുന്നു എന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ചൂണ്ടിക്കാണിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

റഫറിമാരെ കുറിച്ച് ഇനി സംസാരിക്കുക എന്നത് അർത്ഥശൂന്യമാണ്. ഞാൻ മുൻപ് സംസാരിച്ചിട്ട് എനിക്ക് സസ്പെൻഷനാണ് കിട്ടിയത്. പക്ഷേ അവർക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല.പറഞ്ഞ് പറഞ്ഞ് മടുത്തു, ഇനി അവരെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സ് വളരെ ദയനീയമായ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.ഒരു സമനില വഴങ്ങി.ബാക്കി എട്ടുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇനി ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്.

ISLIvan VukomanovicKerala Blasters
Comments (0)
Add Comment