ഇത്തവണത്തെ ഷീൽഡും കപ്പും മോഹൻ ബഗാനുള്ളത്,ഇവാൻ വുക്മനോവിച്ച് പറഞ്ഞത് കേട്ടോ?
ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മോശം പ്രകടനമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് ശേഷം വളരെ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. അവസാനമായി കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിൽ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
വളരെ മോശം പ്രകടനമാണ് ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തിയത് എന്ന് പറയാതിരിക്കാൻ വയ്യ. ഡിഫൻസിന്റെ അലംഭാവം കൊണ്ടുമാത്രമാണ് നാല് ഗോളുകൾ ആ മത്സരത്തിൽ ക്ലബ്ബിന് വഴങ്ങേണ്ടി വന്നത്.വ്യക്തിഗത പിഴവുകൾ നന്നായി കണ്ട ഒരു മത്സരമായിരുന്നു അത്.ദിമിയുടെ ആത്മാർത്ഥത കൊണ്ട് രണ്ടു ഗോളുകൾ നേടിയതും ലെസ്ക്കോവിച്ചിന്റെ ആത്മാർത്ഥത കൊണ്ട് കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെട്ടതും മാത്രമാണ് കഴിഞ്ഞ മത്സരത്തിലെ ക്ലബ്ബിന്റെ പോസിറ്റീവ്.
ഈ മത്സരശേഷം ഒരുപാട് കാര്യങ്ങളെ കുറിച്ച് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സംസാരിച്ചിരുന്നു. അതിലൊന്ന് എതിരാളികളായ മോഹൻ ബഗാനിനെ കുറിച്ച് തന്നെയാണ്. ഇത്തവണത്തെ ഷീൽഡ് കിരീടം മോഹൻ ബഗാൻ നേടുമെന്ന് പറഞ്ഞ വുക്മനോവിച്ച് പ്ലേ ഓഫ് മത്സരങ്ങളിലും മോഹൻ ബഗാൻ വിജയിക്കുമെന്ന് പറഞ്ഞു. അതായത് ഇത്തവണത്തെ ഐഎസ്എൽ കപ്പും ഷീൽഡും മോഹൻ ബഗാൻ നേടുമെന്നാണ് ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.
ഞങ്ങൾ ലീഗിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് കളിച്ചത്, അതല്ലെങ്കിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെതിരെയാണ് കളിച്ചത്. എന്റെ അഭിപ്രായത്തിൽ അവർ ഷീൽഡ് കിരീടം നേടും, മാത്രമല്ല പ്ലേ ഓഫ് മത്സരങ്ങൾ എല്ലാം വിജയിക്കുകയും ചെയ്യും,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മോഹൻ ബഗാനാണ്.18 മത്സരങ്ങളിൽ നിന്ന് 39 പോയിന്റ് അവർക്കുണ്ട്. 19 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുള്ള മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
29 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.പ്ലേ ഓഫ് ഇപ്പോഴും ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ആദ്യ ഘട്ടത്തിൽ കുറച്ചധികം പോയിന്റുകൾ നേടിയതുകൊണ്ട് പ്ലേ ഓഫ് സാധ്യതകൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.ആകെ 7 തോൽവികൾ ക്ലബ്ബ് ഈ സീസണിൽ ഇപ്പോൾ വഴങ്ങിക്കഴിഞ്ഞു.