കേരള ബ്ലാസ്റ്റേഴ്സ് ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്തെന്നാൽ അവസാനത്തെ മൂന്നു മത്സരങ്ങളിലും ക്ലബ്ബ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്നും കരകയറൽ അത്യാവശ്യമായ ഒരു സന്ദർഭമാണിത്. വരുന്ന മത്സരത്തിൽ പഞ്ചാബിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.ആ മത്സരത്തിൽ നിർബന്ധമായും വിജയവഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഒരു ദുരൂഹമായ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു.ശരിക്കും ലീഡർ അല്ലാത്ത ചില താരങ്ങൾ ലീഡർമാരാവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഒരു മിസ്റ്റേക്കിന് ശേഷം എപ്പോഴും മറ്റുള്ള താരങ്ങളെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നു. ശരിക്കുള്ള ലീഡർമാരാണെങ്കിൽ മറ്റുള്ള താരങ്ങളും മിസ്റ്റേക്കുകൾ വരുത്തും എന്നത് ഉൾക്കൊള്ളുകയാണ് ചെയ്യുക,ഇതായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇത് ക്ലബ്ബിന്റെ ആരാധകർക്കിടയിൽ ചർച്ചകൾ സൃഷ്ടിച്ചു.
ഒട്ടുമിക്ക ആരാധകരും ഇതിൽ ഇവാൻ ലക്ഷ്യം വെച്ച് താരത്തെ കണ്ടെത്തുകയായിരുന്നു.ദിമിയെയാണ് വുക്മനോവിച്ച് ലക്ഷ്യം വെച്ചത് എന്നാണ് ആരാധകർ കണ്ടെത്തിയത്. കളിക്കളത്തിൽ പലപ്പോഴും മറ്റുള്ളവരെ ദിമി കുറ്റപ്പെടുത്തുന്നത് നമുക്ക് കാണാൻ സാധിക്കുന്ന ഒന്നാണ്. പക്ഷേ ഒരു പരിശീലകൻ ഇത്തരത്തിലുള്ള ഒരു പരസ്യമായ പ്രതികരണവുമായി രംഗത്തുവരും എന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് പലരുടെയും നിരീക്ഷണം.
തന്റെ സ്വന്തം താരങ്ങളോട് എന്തെങ്കിലും വിയോജിപ്പിക്കളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അത് ക്ലബ്ബിനകത്ത് വെച്ച് പരിഹരിക്കുകയാണ് പരിശീലകൻ ചെയ്യേണ്ടത്.ദിമിയോട് ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ അത് അദ്ദേഹത്തോട് സംസാരിച്ച് തീർപ്പാക്കേണ്ട വിഷയമാണ്.മറ്റേത് താരത്തോട് ആയാലും ഇങ്ങനെ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. അതിന് പകരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ച് ആരാധകർക്ക് നൽകി കഴിഞ്ഞാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുത് തന്നെയായിരിക്കും.പ്രത്യേകിച്ച് ക്ലബ്ബിനെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കും.
ക്ലബ്ബിലെ ആഭ്യന്തര പ്രശ്നങ്ങൾ നിരന്തരം ചർച്ച ചെയ്യപ്പെടും.അത് ക്ലബ്ബിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാൻ തന്നെ കാരണമായേക്കാം. അതുകൊണ്ടുതന്നെ വുക്മനോവിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന അഭിപ്രായങ്ങൾ ധാരാളമാണ്. പ്രത്യേകിച്ച് ദിമി ടീമിന്റെ വളരെ നിർണായകമായ താരം കൂടിയാണ്.ഏതായാലും ഇനി കൂടുതൽ പ്രശ്നങ്ങളിലേക്കും ദുരൂഹതകളിലേക്കും പോകാതെ ഇതെല്ലാം പരിഹരിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.