5 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ വഴങ്ങി,ഡിഫൻസിന്റെ കഥ കഴിഞ്ഞോ? മറുപടി നൽകി വുക്മനോവിച്ച്
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ടു കൊണ്ട് ഏറ്റവും പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സൂപ്പർ കപ്പിൽ ജംഷഡ്പൂരിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്ലബ്ബ് പരാജയപ്പെട്ടത്. അതിനുശേഷം നോർത്ത് ഈസ്റ്റിനോട് വലിയ ഒരു തോൽവി ഏറ്റുവാങ്ങി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. പിന്നീട് ഐഎസ്എല്ലിൽ ഒഡീഷ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.
അതിനുശേഷം നടന്ന മത്സരത്തിൽ നാണംകെട്ട മറ്റൊരു തോൽവി ക്ലബ്ബ് ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി കൊച്ചിയിൽ വെച്ച് കൊണ്ട് പരാജയപ്പെടുത്തിയത്. അതിനുശേഷം ചെന്നൈയോട് ഒരു ഗോളിന്റെ തോൽവി ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങി. അതായത് അവസാനത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് വഴങ്ങിയത് 13 ഗോളുകളാണ്. വളരെ പരിതാപകരമായ പ്രകടനമാണ് ക്ലബ്ബ് നടത്തുന്നത് എന്നതിന്റെ തെളിവാണ് ഇത്.
ക്ലബ്ബിന്റെ ഏറ്റവും വലിയ കരുത്തായിരുന്ന പ്രതിരോധനിര ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ് എന്നത് ഇതിൽ നിന്നും തെളിയുന്നു. ഇത് നിരാശ ഉണ്ടാക്കുന്നതാണ് എന്ന കാര്യം പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.എന്നാൽ എത്രയും പെട്ടെന്ന് റീബിൽഡ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന കാര്യവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ ഇതിൽ ഹാപ്പിയല്ല.കാരണം ഈ ഗോളുകളാണ് ഞങ്ങൾ പരാജയപ്പെടാൻ കാരണം.പക്ഷേ ഞങ്ങൾ ഇപ്പോൾ ഒരു റീ ബിൽഡിങ് പ്രോസസ്സിലാണ് ഉള്ളത്. താരങ്ങളുടെ പരിക്കും അലഭ്യതയും കാരണം ഞങ്ങൾക്ക് ടീമിനെ വീണ്ടും വീണ്ടും റീബിൽഡ് ചെയ്യേണ്ടിവരുന്നു.അതിന്റെ ഭാഗമായി കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. നവംബർ- ഡിസംബർ മാസത്തിൽ ഏറ്റവും മികച്ച ഡിഫൻസ് ഞങ്ങളുടേതായിരുന്നു. പക്ഷേ പെട്ടെന്ന് പ്രതിരോധത്തിന്റെ താളം നഷ്ടമാകുന്നു.അത് നിരാശപ്പെടുത്തുന്നതാണ്. പക്ഷേ ഞങ്ങൾ കര കയറേണ്ടതുണ്ട്,വുക്മനോവിച്ച് പറഞ്ഞു.
ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എഫ്സി ഗോവയാണ്.ഇന്ന് രാത്രി 7:30നാണ് മത്സരം നടക്കുക.കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ക്ലബ് വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷകൾ.എന്നാൽ ഗോവയും കടുത്ത പോരാട്ടമായിരിക്കും മത്സരത്തിൽ കാഴ്ചവെക്കുക.