ഈ മത്സരത്തിൽ കുറച്ച് എരിവുണ്ട്, പക്ഷേ ഞാൻ ഇത് ഇഷ്ടപ്പെടുന്നു, പ്രതികാരം തീർക്കുമോ? വുക്മനോവിച്ച് പറയുന്നു
കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.ഈ സീസണിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. പക്ഷേ അപ്പോഴും ഒരു ബാലികേറാമല ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവിടെയുണ്ട്.
എന്തെന്നാൽ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് ഇതുവരെ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അത് ഇന്നത്തെ മത്സരത്തിൽ തിരുത്തി കുറിക്കേണ്ടതുണ്ട്. മാത്രമല്ല കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ വിജയം നേടിയവരാണ് ബംഗളൂരു എഫ്സി.അക്കാര്യത്തിലും ഒരു പ്രതികാരം തീർക്കേണ്ടതുണ്ട് എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.
പക്ഷേ പ്രതികാരമൊന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ വുക്മനോവിച്ച് ലക്ഷ്യം വെക്കുന്നില്ല.കാരണം അത് അടഞ്ഞ അധ്യായമാണ് എന്നാണ് പരിശീലകന്റെ അഭിപ്രായം. പക്ഷേ ഈ മത്സരം കുറച്ച് എരിവ് നിറഞ്ഞതാണ് എന്ന കാര്യം വുക്മനോവിച്ച് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരല്പം വീറും വാശിയും വൈര്യവും ഈ മത്സരത്തിനുണ്ട് എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
ഇതൊരു വലിയ മത്സരമാണ്,ഇതിൽ കുറച്ച് എരിവുണ്ട്.പക്ഷേ ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു മത്സരമാണ് ഇത്. ഒരു താരം എന്ന നിലയിലും എല്ലാവരും കളിക്കാൻ ഇഷ്ടപ്പെടുന്ന മത്സരമാണ് ഇത്.ഇത്തരത്തിലുള്ള മത്സരങ്ങൾ നിങ്ങളെ കൂടുതൽ മികച്ചതാക്കുന്നു,സന്തോഷം നൽകുന്നു. എനിക്ക് പ്രതികാരം ഒന്നും ഇല്ല.കഴിഞ്ഞ ആ മത്സരം അത് അവസാനിച്ചതാണ്.ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞു. അത് ചരിത്രത്തിന്റെ ഭാഗമാണ്.പക്ഷേ വേൾഡ് ഫുട്ബോളിൽ തന്നെ അത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു,വുക്മനോവിച്ച് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. അത്തരത്തിലുള്ള ഒരു മികച്ച വിജയം ക്ലബ്ബ് ഇന്നും നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.