എന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ ഏറ്റവും മോശം പ്രകടനം: മത്സരശേഷം ആഞ്ഞടിച്ച് വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി പരാജയപ്പെടുത്തിയത്.സ്വന്തം മൈതാനത്ത് വച്ചുകൊണ്ടാണ് ഈ വലിയ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് വലിയ ആഘാതമേൽപ്പിക്കുന്നു.
മിലോസ് ഡ്രിൻസിച്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ വിൽമർ ജോർദാൻ ആദ്യപകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിക്കൊണ്ട് ലുക്ക മെയ്സൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പതനം ഉറപ്പാക്കുകയായിരുന്നു.തുടർച്ചയായ നാലാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലത്തെ മത്സരത്തിനു ശേഷം സ്വന്തം ടീമിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് രംഗത്ത് വന്നിട്ടുണ്ട്. രണ്ടര വർഷത്തെ തന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തിയത് എന്നാണ് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. താൻ വളരെയധികം നിരാശനാണെന്നും വുക്മനോവിച്ച് പറഞ്ഞു. മത്സര ശേഷമുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് വളരെയധികം നിരാശപ്പെടുത്തിയ ഒരു രാത്രിയാണ്. ഞാൻ കണ്ട കാര്യങ്ങൾ എല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു.ഇതൊന്നുമല്ല ഞങ്ങൾ പ്രാക്ടീസ് ചെയ്തത്. ആദ്യപകുതിയിൽ ഒരു ഗോൾ നേടി എന്നത് മാറ്റി നിർത്തിയാൽ ഞങ്ങളുടെ പല തീരുമാനങ്ങളും തെറ്റായിരുന്നു.അത് തന്നെയാണ് തോൽവിയിലേക്ക് നയിച്ചത്. ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്. ഈ കളിയുമായി തുടരുകയാണെങ്കിൽ സീസണിലെ എല്ലാ മത്സരങ്ങളും ഞങ്ങൾ പരാജയപ്പെട്ടിരിക്കുന്നു,അത് ഉറപ്പാണ്. രണ്ടര വർഷത്തെ എന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്,വുക്മനോവിച്ച് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വഴങ്ങുന്നത്. 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.ഷീൽഡ് മോഹങ്ങൾ തൽക്കാലം ഇനി ഉപേക്ഷിക്കേണ്ടിവരും.കാരണം ബ്ലാസ്റ്റേഴ്സിന്റെ നിലവാരം വളരെയധികം താഴോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്.