തുടർച്ചയായി തോറ്റിട്ടും ആരാധകർ കൈവിടുന്നില്ല, ഫാൻസിന് ഒരു ഉറപ്പുനൽകി വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെയാണ് നേരിടുക. ഇന്ന് രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക. നോർത്ത് ഈസ്റ്റിന്റെ മൈതാനമായ ഗുവാഹത്തിയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.മത്സരത്തിൽ പല പ്രധാനപ്പെട്ട താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.
ദിമിക്ക് പരിക്കാണ്. മാത്രമല്ല ചില താരങ്ങൾക്ക് വിശ്രമം നൽകുകയും ചെയ്യും. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് വലിയ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ചില താരങ്ങൾ സസ്പെൻഷനിന്റെ പിടിയിലാണ്. അങ്ങനെ മൊത്തത്തിൽ ഒരു മാറ്റം ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് ഉണ്ടാകും.
അവസാനമായി ബ്ലാസ്റ്റേഴ്സ് കളിച്ച 10 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.ഒരെണ്ണത്തിൽ സമനില വഴങ്ങിയപ്പോൾ ബാക്കി വരുന്ന എട്ടുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഇത്രയും പരിതാപകരമായ പ്രകടനം നടത്തിയിട്ടും ആരാധകർ ബ്ലാസ്റ്റേഴ്സിന് കൈവിട്ടിട്ടില്ല. കഴിഞ്ഞ ഹോം മൽസരത്തിൽ ഒക്കെ ഒരുപാട് ആരാധകർ ടീമിനെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇക്കാര്യത്തിൽ ഒരു ഉറപ്പ് വുക്മനോവിച്ച് നൽകിയിട്ടുണ്ട്.പ്ലേ ഓഫിൽ ആരാധകർക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യും എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഞങ്ങൾ ചെയ്യുന്നതെല്ലാം ആത്മാർഥമായാണെന്ന് ആരാധകർക്കറിയാം. പരുക്കുകൾ ഉൾപ്പെടെ ടീം കടന്നു പോകുന്ന വിഷമകരമായ സ്ഥിതിയെക്കുറിച്ചും ആരാധകർക്ക് അറിയാം.പക്ഷേ അതൊരു ന്യായമായി പറയാൻ ഞാനില്ല.കേരള ബ്ലാസ്റ്റേഴ്സിന്‍റെ ബാഡ്ജ് അണിയുന്നതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ സാധ്യമായതെല്ലാം ഞാൻ ഇനി ചെയ്യും എന്നുള്ള ഒരു ഉറപ്പ് ആരാധകർക്ക് നൽകുന്നു, ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഇനി ഹൈദരാബാദിനെതിരെ ഒരു മത്സരം കൂടി കേരള ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നുണ്ട്. നിലവിൽ 5 ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. ആറാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്.സീസണിന്റെ ആദ്യഘട്ടത്തിൽ നടത്തിയ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണ തുണയായത്.