കൊച്ചിയിൽ ഒരു എതിരാളിയായി വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല,കാരണം ഒരിടത്തും ഇന്ത്യയിൽ ഇത് കാണാൻ സാധിക്കില്ല: പ്രശംസിച്ച് വുക്മനോവിച്ച്
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. ആദ്യ പകുതിയിൽ പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
ഈ ഗോളിനുള്ള അസിസ്റ്റ് ക്യാപ്റ്റൻ ലൂണയുടെ വകയായിരുന്നു.തകർപ്പൻ പ്രകടനമാണ് ക്ലബ്ബ് ഇപ്പോൾ പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞു.ഏഴുമത്സരങ്ങളിൽ അഞ്ചിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് 16 പോയിന്റുകൾ കരസ്ഥമാക്കി.നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്താണ്.അതിഗംഭീരമായ ഒരു തുടക്കം തന്നെയാണ് ലഭിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനം എതിരാളികൾക്ക് ഇപ്പോൾ നരകമാണ്. ഹോമിലെ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ക്ലബ്ബിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ ഒരു എതിരാളിയായി കൊണ്ട് വരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ഇന്ത്യയിലെ മറ്റേത് സ്റ്റേഡിയത്തിൽ പോയാലും നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം കാണാൻ സാധിക്കില്ല. കൊച്ചിയിലെ അറ്റ്മോസ്ഫിയർ വളരെയധികം പ്രത്യേകതയുള്ളതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അമൂല്യമാണ്.കൊച്ചിയിലെ ഓരോ മത്സരത്തിനും ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണ അത് ഞങ്ങൾക്ക് കരുത്ത് പകരുന്ന ഒന്നാണ്. അവരുടെ സപ്പോർട്ട് കാരണം ഞങ്ങൾ മുന്നോട്ടുപോകുന്നു.ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നു.ഈ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയുന്നതിൽ വളരെ സന്തോഷമാണ്. അവരുടെ പിന്തുണയുണ്ടാകുമ്പോൾ ഞങ്ങളുടെ കരുത്ത് വർദ്ധിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. കൊച്ചിയിൽ ഒരു എതിരാളിയായി വരാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണെങ്കിൽ മറ്റേത് ഇന്ത്യൻ ടീമിന്റെയും പരിശീലകസ്ഥാനം ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് വുക്മനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ അത്രയേറെ ഇഷ്ടപ്പെടുന്നുണ്ട്.അദ്ദേഹം വന്നതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് സ്ഥിരമായി മികച്ച പ്രകടനം നടത്താൻ ആരംഭിച്ചത്.