ഈ ആരാധകർ അവർക്ക് രോമാഞ്ചമുണ്ടാക്കി,ഈ ഫാൻസില്ലെങ്കിൽ പിന്നെ ഞങ്ങൾ ഒന്നുമല്ല: മുംബൈയുടെ കുതിപ്പ് അവസാനിപ്പിച്ച ശേഷം ഇവാൻ പറഞ്ഞത്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു പക വീട്ടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. മുംബൈ സിറ്റിയെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും നേടിയ ദിമിയും പെപ്രയുമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ ആവേശവിജയം സമ്മാനിച്ചത്.
മുംബൈയുടെ മൈതാനത്ത് ഒരുപാട് വിവാദങ്ങൾ നടന്നതിനാൽ ഈ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരല്പം പ്രത്യേകതയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ നിരവധി ആരാധകർ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തി. മുംബൈ താരങ്ങൾക്ക് നരകം സൃഷ്ടിക്കുമെന്ന് പറഞ്ഞത് അക്ഷരാർത്ഥത്തിൽ പ്രവർത്തിച്ച കാണിച്ച് നൽകുകയും ചെയ്തു. മത്സരത്തിന്റെ മുഴുവൻ സമയവും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഊർജ്ജസ്വലരായിരുന്നു. ആരാധകരുടെ ഈ എനർജി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പതിവിലും കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തത്.
ആരാധകരാണ് തങ്ങളുടെ ഇന്ധനമെന്ന് ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആവർത്തിച്ചിട്ടുണ്ട്.ഈ ആരാധകർക്കിടയിൽ കളിക്കുന്നത് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് രോമാഞ്ചം ഉണ്ടാക്കുന്നതാണെന്ന് വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. ഈ ആരാധകർ ഇല്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് ഒന്നുമല്ലെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. മത്സരശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്രകാരമാണ്.
ഈ മത്സരത്തിലെ അന്തരീക്ഷം വളരെയധികം സ്പെഷലായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ മുഖവും ഓരോ ശബ്ദവും വളരെ പ്രധാനപ്പെട്ടതാണ്.ഇത്തരത്തിലുള്ള അന്തരീക്ഷത്തിൽ കളിക്കുന്നത് തീർച്ചയായും ഞങ്ങൾ ആസ്വദിക്കുന്നു.പ്രത്യേകിച്ച് യുവതാരങ്ങൾ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങൾ ലഭിക്കുന്നു എന്നുള്ളത് അവർക്ക് രോമാഞ്ചമാണ് സൃഷ്ടിക്കുന്നത്.അവരുടെ കരിയറിന് ഇതൊരു നല്ല കാര്യമാണ്. നിരവധി ആരാധകരാണ് ഇന്ന് മത്സരം കാണാൻ വേണ്ടി എത്തിയത്. ഇത് വിലമതിക്കാനാവാത്ത ഒരു കാര്യമാണ്. ഈ ആരാധകർ ഇല്ലെങ്കിൽ ഞങ്ങൾ ഒന്നുമല്ല,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയ മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ 9 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുകയായിരുന്നു മുംബൈ സിറ്റി. അവരുടെ അപരാജിത കുതിപ്പിനാണ് ഇന്നലെ ആശാനും സംഘവും വിരാമം കുറിച്ചത്.