ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.12 മത്സരങ്ങളിൽ എട്ടിലും വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് സീസണിന്റെ പകുതി ഫിനിഷ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കലിംഗ സൂപ്പർ കപ്പിൽ വലിയ പ്രതീക്ഷകൾ ആരാധകർ ഉണ്ടായിരുന്നു.
ആദ്യ മത്സരത്തിൽ ഷില്ലോങ്ങിനെ പരാജയപ്പെടുത്തിയെങ്കിലും ആ പ്രതീക്ഷകൾ പിന്നീട് തകർന്നടിയുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്പൂർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. അതിനുശേഷം നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി വിടുകയും ചെയ്തു. അങ്ങനെ നിരാശകൾ മാത്രമാണ് സൂപ്പർ കപ്പ് ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്.
എന്നാൽ സൂപ്പർ കപ്പിലെ മോശം പ്രകടനത്തിൽ കൂടുതൽ വിശദീകരണം നൽകിക്കൊണ്ട് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രധാനപ്പെട്ട താരങ്ങളുടെ അഭാവമാണ് ഈ മോശം പ്രകടനത്തിലേക്ക് നയിച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിക്കും ഇന്റർനാഷണൽ ഡ്യൂട്ടിയും തിരിച്ചടിയായെന്ന് വുക്മനോവിച്ച് സമ്മതിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
അര ഡസനിലേറെ താരങ്ങളുടെ പരിക്കും 3 താരങ്ങൾ ഇന്റർനാഷണൽ ഡ്യൂട്ടിക്ക് പോയതും മറികടന്നു കൊണ്ടാണ് കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്.മാത്രമല്ല ടൂർണമെന്റിൽ ഉടനീളം ചില താരങ്ങൾ പരിക്കിന്റെ പിടിയിലുമായി. സ്റ്റാർട്ടിങ് നിരവധി താരങ്ങളെ നഷ്ടമായ ഒരു ടീമിന് പിന്നീട് പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ല,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ആ മോശം പ്രകടനത്തിൽ നിന്നും കരകയറേണ്ടത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു സമയമാണിത്. സൂപ്പർ കപ്പിന് വേണ്ടത്ര പരിഗണന ക്ലബ്ബ് നൽകാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ഇതുവരെ കിരീടങ്ങൾ ഒന്നും ലഭിക്കാത്ത ക്ലബ്ബിന് കിരീടങ്ങൾ നേടാനുള്ള അവസരമായിരുന്നു ഇത്തരം കോമ്പറ്റീഷനുകൾ. എന്നാൽ അർഹമായ പരിഗണന ക്ലബ് നൽകാതെ പോവുകയായിരുന്നു.