തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമായി ബ്ലാസ്റ്റേഴ്സ് മാറി,അങ്ങനെ വളർത്തിയെടുത്തതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു: ഇവാൻ വുക്മനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക് ഇവാൻ വുക്മനോവിച്ച് വരുന്നതിനു മുന്നേ വളരെ പരിതാപകരമായ അവസ്ഥയിലൂടെയായിരുന്നു ക്ലബ്ബ് കടന്നുപോയിക്കൊണ്ടിരുന്നത്. പലപ്പോഴും അവസാന സ്ഥാനങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഫിനിഷ് ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ വുക്മനോവിച്ച് പരിശീലകനായി വന്നതിനുശേഷം കാതലായ മാറ്റങ്ങൾ സംഭവിച്ചു.ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തി ഫൈനലിൽ എത്തിയപ്പോൾ കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.ഈ സീസണിൽ ഉജ്ജ്വല പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. തുടർച്ചയായ മൂന്നാം വിജയവും ഈ സീസണിലെ അഞ്ചാം വിജയവുമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തുക, പ്രത്യേകിച്ച് കൊച്ചിയിൽ വച്ച് പരാജയപ്പെടുത്തുക എന്നത് എതിരാളികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.

ഇതേക്കുറിച്ച് പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ പോസ്റ്റ് മാച്ച് പ്രസ് കോൺഫറൻസിൽ സംസാരിച്ചിട്ടുണ്ട്.എതിരാളികൾക്ക് തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ടീമായി മാറാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ആ രൂപത്തിലേക്ക് ക്ലബ്ബിന് വളർത്തിയെടുക്കാൻ സാധിച്ചതിൽ താൻ ഒരുപാട് അഭിമാനം കൊള്ളുന്നുവെന്നും ഈ കോച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.

കോവിഡിന് മുന്നേയുള്ള സീസണിൽ ടീം മാനേജ്മെന്റ് എന്നെ കോൺടാക്ട് ചെയ്തപ്പോൾ ക്ലബ്ബിന്റെ അവസ്ഥ അത്ര നല്ല നിലയിൽ ആയിരുന്നില്ല. ആ സീസണിൽ ബ്ലാസ്റ്റേഴ്സിന് ആകെ നേടാൻ കഴിഞ്ഞത് 17 പോയിന്റുകൾ മാത്രമായിരുന്നു.പക്ഷേ ഈ സീസണിൽ ഇപ്പോൾ തന്നെ നമ്മൾ 16 പോയിന്റുകൾ നേടിക്കഴിഞ്ഞു.ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തുക എന്നത് എതിരാളികളെ സംബന്ധിച്ചിടത്തോളം കഠിനമായ ഒരു കാര്യമാണ്. ആ രൂപത്തിലേക്ക് ടീമിനെ മാറ്റിയെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്.മുന്നോട്ടുപോകാൻ ഇപ്പോൾ നേടിയ പോയിന്റുകൾ ഞങ്ങളെ വളരെയധികം പ്രചോദിപ്പിക്കുന്നുണ്ട്,ഇവാൻ വുക്മനോവിച്ച് പറഞ്ഞു.

അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ആ മത്സരത്തിലും മികച്ച പ്രകടനം നടത്തി വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ആ മത്സരം നടക്കുക. അത് തീർത്തും അനുകൂലമായ ഒരു ഘടകമാണ്.

Ivan VukomanovicKerala Blasters
Comments (0)
Add Comment