കൊച്ചിയിൽ ചൂട്,ഇവിടെ പെരുംചൂട് : ആശങ്ക പ്രകടിപ്പിച്ച് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് നിർണായകമായ പ്ലേ ഓഫ് മത്സരത്തിന് വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷ എഫ്സിയാണ്. ഇന്ന് രാത്രി 7:30ന് ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്തവരാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇത്തവണ ചരിത്രം മാറ്റി എഴുതാൻ സാധിക്കും എന്നുള്ള ഒരു പ്രതീക്ഷ ആരാധകർക്കുണ്ട്.
ഒരുപാട് വെല്ലുവിളികളെ നേരിട്ടവരാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. പ്രധാനപ്പെട്ട പലർക്കും പരിക്ക് കാരണം പല മത്സരങ്ങളും നഷ്ടമായിരുന്നു. ഇതിനിടെ സസ്പെൻഷനുകളും ലഭിച്ചു. അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ക്ലബ് ഇവിടെ എത്തിനിൽക്കുന്നത്. അതോടൊപ്പം താരങ്ങൾക്ക് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ് കാലാവസ്ഥ.നിലവിൽ ചൂട് കൂടുതലുള്ള കാലാവസ്ഥയാണ് ഉള്ളത്.
അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.കൊച്ചിയിൽ തന്നെ നല്ല ചൂടാണെന്നും എന്നാൽ അതിനേക്കാൾ ചൂട് ആണ് ഒഡീഷയിൽ ഉള്ളത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ ഇതൊരു ന്യായീകരണമായി കൊണ്ട് പറയില്ലെന്നും താരങ്ങളെല്ലാവരും ഗ്ലാഡിയേറ്റർമാരെ പോലെയാണെന്നും വുക്മനോവിച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.
കൊച്ചിയിൽ തന്നെ നല്ല ചൂടാണ്, ഇവിടെ ഞങ്ങൾ അതിനേക്കാൾ കൂടുതൽ ചൂടാണ് കാണുന്നത്. പക്ഷേ, ഒരു ഫുട്ബോൾ താരം ഒരു ഗ്ലാഡിയേറ്ററെപ്പോലെയാണ്. നിങ്ങൾക്ക് ഒരിക്കലും ഇതൊരു ഒഴികഴിവ് ആക്കാനാവില്ല.ഇതുകാരണം ന്യായീകരിക്കാനും ഇല്ല.രണ്ട് ടീമുകൾക്കും ഇതുണ്ട്, എല്ലാവരും കഷ്ടപ്പെടുന്നു. പുറത്ത് പോയി പൊരുത്തപ്പെടുത്തുക എന്നതാണ് ഇതിൽ ചെയ്യാനുള്ളത്.ഫുട്ബോൾ കഠിനവും വളരെയധികം ശാരീരികവുമായ ജോലിയാണ്,വുക്മനോവിച്ച് പറഞ്ഞു.
പരിക്ക് തന്നെയാണ് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നത്.ലൂണ പകരക്കാരനായി കൊണ്ടായിരിക്കും കളിക്കളത്തിലേക്ക് തിരിച്ചെത്തുക.ദിമി കളിക്കാനുള്ള സാധ്യതകൾ ഒരല്പം കുറവാണ്.മൊത്തത്തിൽ ഇതിനെയെല്ലാം മറികടക്കേണ്ടതുണ്ട്.