ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞുകൊണ്ട് പുറത്തായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയോട് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറുമെന്ന് ആരാധകർ വിശ്വസിച്ച സമയമുണ്ടായിരുന്നു. പക്ഷേ എല്ലാം അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിക്കുകയായിരുന്നു.
മത്സരത്തിൽ ഫെഡോർ ചെർനിയിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 87ആം മിനിട്ട് വരെ മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് ഗോൾ വഴങ്ങി. തുടർന്ന് എക്സ്ട്രാ ടൈമിൽ ഒരു ഗോൾ കൂടി വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിടുകയായിരുന്നു.മത്സരത്തിൽ,പ്രത്യേകിച്ച് രണ്ടാം പകുതിയിൽ നിരവധി ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.
ചെർനിച്ചിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു,ഐമന് ഒരു അവസരം ലഭിച്ചിരുന്നു,അതൊന്നും ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മാത്രമല്ല ഒഡീഷ ഗോൾകീപ്പർ നടത്തിയ തകർപ്പൻ പ്രകടനവും ബ്ലാസ്റ്റേഴ്സിന് വിനയായി. ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാത്തത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. കൂടാതെ ദിമിത്രിയോസിനെ അദ്ദേഹം പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.
അതായത് ഇന്നത്തെ മത്സരത്തിൽ ദിമിയെ തങ്ങൾ മിസ്സ് ചെയ്തു എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. അത് അക്ഷരംപ്രതി ശരിയായിരുന്നു. അർദ്ധ അവസരങ്ങൾ പോലും ഗോളടിക്കാൻ കെൽപ്പുള്ള താരമാണ് ദിമി.അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്തായാലും ഒന്നോ രണ്ടോ ഗോളുകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഈ മത്സരത്തിൽ ഉണ്ടാകുമായിരുന്നു.ദിമി ഉണ്ടായിരുന്നുവെങ്കിൽ ഈ റിസൾട്ട് ആകുമായിരുന്നില്ല സംഭവിക്കുക എന്ന് ആരാധകർ വിശ്വസിക്കുന്നത് പോലെ തന്നെയാണ് ഇവാനും വിശ്വസിക്കുന്നത്.
പരിക്ക് കാരണമാണ് ദിമിക്ക് മത്സരം നഷ്ടമായത്. 16 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അദ്ദേഹമാണ് ഒന്നാമത്.എന്നാൽ ഇനി അദ്ദേഹത്തിന് മുന്നിൽ മത്സരങ്ങൾ ഒന്നും അവശേഷിക്കുന്നില്ല.