ഇവന്മാർ ഗോളടിക്കുന്നില്ല: പരാതി പറഞ്ഞ് ഇവാൻ വുക്മനോവിച്ച്
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. സംഭവബഹുലമായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ട് താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചതോടെയാണ് മത്സരം കൈവിട്ടത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ചെർനിച്ച് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി ക്രെസ്‌പൊയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.
മത്സരത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പ്രത്യേകിച്ച് ഡിഫൻസും ഗോൾകീപ്പറും വളരെ ദയനീയമായിരുന്നു. രണ്ടു താരങ്ങൾ പുറത്തുപോയത് എല്ലാ അർത്ഥത്തിലും ടീമിനെ താളം തെറ്റിച്ചു.സ്വന്തം ആരാധകർക്കും മുന്നിലാണ് ഇത്രയും നാണംകെട്ട ഒരു തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഇത് ആരാധകർക്ക് തന്നെ വലിയ നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.
തോൽവിക്കുള്ള കാരണങ്ങൾ ഇവാൻ വുക്മനോവിച്ച് അക്കമിട്ട് നിരത്തിയിട്ടുണ്ട്. അതായത് താരങ്ങളെ നഷ്ടമായത് തിരിച്ചടിയായി എന്ന് വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അവസരങ്ങൾ ലഭിച്ചിട്ടും ഗോളടിക്കാത്തതിലും വുക്മനോവിച്ച് പരാതി പറഞ്ഞിട്ടുണ്ട്. മത്സര ശേഷമുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നോ രണ്ടോ താരങ്ങളെ നഷ്ടമായി കൊണ്ടാണ് നിങ്ങൾ കളിക്കുന്നതെങ്കിൽ മത്സരം അവിടെ തീർന്നു.നിങ്ങൾ ലീഡ് എടുത്ത് നിൽക്കുകയാണെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.മാത്രമല്ല മത്സരത്തിൽ പലപ്പോഴും ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നു.പക്ഷേ ലഭിക്കുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിയുന്നില്ല. അവസരങ്ങൾ ഗോളാക്കിയില്ലെങ്കിൽ തീർച്ചയായും എതിരാളികൾ നിങ്ങൾക്ക് പണി തരുക തന്നെ ചെയ്യും.ഫൈനൽ ടച്ചിന്റെ ഫൈനൽ പാസിന്റെ കാര്യത്തിലും ക്വാളിറ്റിയുടെ അഭാവം ഇവിടെയുണ്ട്. ഇത്തരം കാര്യങ്ങളിലാണ് ഇനി ഞങ്ങൾ പരിഹാരം കാണേണ്ടത്,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.പക്ഷേ ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല. കാരണം അത്രയേറെ വലിയ തോൽവികളാണ് സമീപകാലത്ത് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അതിനുശേഷം ഹൈദരാബാദ് എഫ്സിയെ ബ്ലാസ്റ്റേഴ്സ് നേരിടും.