ഒരുപാട് ഫേക്ക് വാർത്തകൾ പ്രചരിക്കുന്നുണ്ട്: പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ജംഷെഡ്പൂർ എഫ്സിയാണ്. നാളെ ജംഷഡ്പൂരിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രതിസന്ധിഘട്ടമാണ്. അവസാനത്തെ ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.ഈ സീസൺ അവസാനിച്ചാൽ അദ്ദേഹം ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്നായിരുന്നു റിപ്പോർട്ട്. അദ്ദേഹത്തിന് വിദേശത്തുനിന്ന് ഓഫറുകൾ ഉണ്ടെന്നും വുക്മനോവിച്ച് വിദേശത്തേക്ക് പോകും എന്നുമായിരുന്നു വാർത്തകൾ ഉണ്ടായിരുന്നത്.
അതിനോട് നേരത്തെ തന്നെ ആശാൻ പ്രതികരിച്ചിരുന്നു. ഇന്നത്തെ പത്രസമ്മേളനത്തിൽ ഒരിക്കൽ കൂടി അതിനെക്കുറിച്ച് വുക്മനോവിച്ച് സംസാരിച്ചിട്ടുണ്ട്. ഒരുപാട് ഫെയ്ക്ക് ആയിട്ടുള്ള വാർത്തകൾ തന്റെ കാര്യത്തിൽ പ്രചരിക്കുന്നുണ്ട് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്.
ഇവിടെ ഒരുപാട് ഫെയ്ക്ക് റൂമറുകൾ ഉണ്ട്.എനിക്ക് കേരള ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.അതൊരു ബഹുമതി കൂടിയാണ്.ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. ഞാൻ പരിശീലക സ്ഥാനം രാജിവെക്കുന്നു എന്നതിൽ യാതൊരു വിധ അടിസ്ഥാനവും ഇല്ല,ഇതാണ് ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയാൻ ഈ പരിശീലകൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ അതിന് മാറ്റം വരുമോ എന്നുള്ളത് വ്യക്തമല്ല. സീസണിന്റെ ആദ്യഘട്ടത്തിലെ പ്രകടനം പുറത്തെടുക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ചില മുറുമുറുപ്പുകൾ പുറത്തേക്ക് വന്നിരുന്നു.