ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. കരുത്തരായ എഫ് സി ഗോവയെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് ഒരു ചെറിയ സ്കോറിനല്ല, മറിച്ച് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവരെ കശാപ്പ് ചെയ്തത്. അതും അവിശ്വസനീയമായ രീതിയിലുള്ള തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് മുന്നിൽ നടത്തിയിട്ടുള്ളത്. ഇപ്പോഴും പലർക്കും അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു.നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.ബ്ലാസ്റ്റേഴ്സിന് അനിവാര്യമായ ഒരു വിജയമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കാരണം ഐഎസ്എല്ലിൽ കളിച്ച അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അതിനു മുന്നേ സൂപ്പർ കപ്പിൽ രണ്ടു മത്സരങ്ങളിലും തോറ്റിരുന്നു.അങ്ങനെ അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ കൂടി തോൽവി വഴങ്ങേണ്ടി വന്നിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ പരിതാപകരമായേനെ.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് അനുഭവിച്ച ഒരു അവസ്ഥയിലൂടെയാണ് ഗോവ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെട്ടു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചതിനു മുൻപ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മോഹൻ ബഗാൻ എന്നിവരോട് ഗോവ പരാജയം ഏറ്റുവാങ്ങിയിരുന്നു.ഈ അവസ്ഥയെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.
ഗോവയെ സംബന്ധിച്ചിടത്തോളം ഈ മത്സരം ഒരല്പം ബുദ്ധിമുട്ടുള്ളതായിരുന്നു. കാരണം മൂന്നു ദിവസങ്ങൾക്ക് മുൻപ് ഒരു മത്സരം കളിച്ചു കൊണ്ടാണ് അവർ വരുന്നത്.അതുകൊണ്ടുതന്നെ അത് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്ന ഒന്നാണ്. അവരും ഇപ്പോൾ ഒരല്പം പരിതാപകരമായ സ്ഥിതിയിലാണ്. ഞങ്ങൾക്കും ഇതേ അവസ്ഥ തന്നെയായിരുന്നു ഉണ്ടായിരുന്നത്. തുടർച്ചയായി മൂന്നു തോൽവികൾ ഞങ്ങൾക്ക് വഴങ്ങേണ്ടിവന്നു. ഗോവയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ അനുഭവമായിരിക്കും.ഞങ്ങൾക്ക് കഴിഞ്ഞ വർഷവും ഇത് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴും കിരീട പോരാട്ടത്തിൽ വലിയ സാധ്യതയുള്ള ഒരു ടീം തന്നെയാണ് ഗോവ,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഇപ്പോൾ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ് ഉള്ളത്.തൊട്ടു പിറകിൽ അഞ്ചാം സ്ഥാനത്ത് ഗോവയും ഉണ്ട്.ഗോവയെ സംബന്ധിച്ചിടത്തോളം അടുത്ത മത്സരവും ബുദ്ധിമുട്ടുള്ളതായിരിക്കും.എന്തെന്നാൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് അവരുടെ എതിരാളികൾ.