വികാരഭരിതനായി കണ്ണീർ പൊഴിച്ചതിന്റെ കാരണമെന്തെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി ഇവാൻ വുകുമനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഒരു ആവേശ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ ഒഡീഷക്കെതിരെ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ നിരവധി പ്രതിസന്ധികൾ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നിരുന്നു.പ്രതിരോധത്തിന്റെ അശ്രദ്ധ കാരണം ഒഡീഷ ലീഡ് എടുക്കുകയായിരുന്നു. അതിന് പിന്നാലെ ഒരു പെനാൽറ്റി കൂടി വഴങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് ആരാധകർ ഞെട്ടലോടെ മനസ്സിലാക്കി.

എന്നാൽ സച്ചിൻ സുരേഷ് ബ്ലാസ്റ്റേഴ്സിനെ കൈവിട്ടില്ല.പെനാൽറ്റി സേവ് ചെയ്തുകൊണ്ട് അദ്ദേഹം മത്സരത്തിലേക്ക് ബ്ലാസ്റ്റേഴ്സിനെ തിരികെ കൊണ്ടുവന്നു. പിന്നീട് ദിമിയും ലൂണയും ഗോളുകൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആവേശ വിജയം സ്വന്തമാക്കുകയായിരുന്നു.രണ്ടു മത്സരങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയത്.

ഈ മത്സരം ഏറെ ആകർഷകമായിരുന്നത് പ്രിയപ്പെട്ട ആശാൻ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് കൊണ്ടായിരുന്നു. 10 മത്സരങ്ങളിലെ വിലക്കുകൾ അവസാനിച്ചുകൊണ്ട് അദ്ദേഹം കൊച്ചിയിലെ സ്റ്റേഡിയത്തിലേക്ക് തന്നെയായിരുന്നു മടങ്ങിയെത്തിയത്. ഒരു ഗംഭീര വരവേൽപ്പാണ് മഞ്ഞപ്പട അദ്ദേഹത്തിന് ഒരുക്കിയത്. ഭീമാകാരമായ ഒരു ടിഫോ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുക്കിയിരുന്നു. വലിയ ആർപ്പുവിളികളോട് കൂടിയാണ് ഇവാന്റെ കളത്തിലേക്കുള്ള വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർ വരവേറ്റത്.

മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കിയതോടെ ഇവാൻ വുകുമനോവിച്ച് വികാരഭരിതനാവുകയായിരുന്നു.അത് അണപൊട്ടി ഒഴുകുകയും ചെയ്തു.കണ്ണീർ പൊഴിക്കുന്ന ഇവാനെയായിരുന്നു പിന്നീട് ഒരു നിമിഷം നമുക്ക് കാണാനായത്. കരഞ്ഞതിന്റെ കാരണമെന്താണെന്ന് ഇവാൻ തന്നെ മത്സരശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.തന്നോടുള്ള ആരാധകരുടെ സ്നേഹം കാരണമാണ് തനിക്ക് കണ്ണുനീർ വന്നത് എന്നാണ് ഇവാൻ പറഞ്ഞത്. ഈ ആരാധകരോട് എങ്ങനെ നന്ദിയും കടപ്പാടും അറിയിക്കണമെന്ന് തനിക്കറിയില്ലെന്നും മാധ്യമങ്ങളോട് ഇവാൻ പറഞ്ഞിരുന്നു.

ഏതായാലും ഒരു വിജയത്തോടുകൂടി തന്നെ ഈ പരിശീലകന് മടങ്ങിയെത്താൻ സാധിച്ചു എന്നത് ആരാധകർക്കും ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്.കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഈ കുതിപ്പ് ഇനിയും തുടരേണ്ടതുണ്ട്. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 5 മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നെണ്ണത്തിലും വിജയിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്ന ഒരു കാര്യം തന്നെയാണ്.

Ivan VukomanovicKerala BlastersOdisha Fc
Comments (0)
Add Comment