ഞങ്ങളുടെ പ്ലാനുകളിൽ പോലും ഇല്ലാത്ത താരങ്ങൾ:ബ്ലാസ്റ്റേഴ്സിന് സംഭവിച്ച മാറ്റത്തെക്കുറിച്ച് വുക്മനോവിച്ച്
ഈ സീസണിൽ നിരവധി പ്രതിസന്ധികളാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരിക്കുകൾ തന്നെയാണ്. പരിക്ക് കാരണം സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പല താരങ്ങളെയും ക്ലബ്ബിന് നഷ്ടമായി. ക്ലബ്ബിന്റെ കുന്തമുനയായ അഡ്രിയാൻ ലൂണയെ നഷ്ടമായിരുന്നു. ഏറ്റവും ഒടുവിൽ പെപ്രയെ നഷ്ടമായി.
ഈ പരിക്കുകൾ കാരണം മറ്റു പല താരങ്ങളെയും ഉപയോഗിക്കേണ്ട അവസ്ഥ കേരള ബ്ലാസ്റ്റേഴ്സിന് വരികയായിരുന്നു. പ്രത്യേകിച്ച് റിസർവ് ടീമിലെ താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൂടുതലായിട്ട് ഉപയോഗപ്പെടുത്തി.വിബിൻ,ഐമൻ,അസ്ഹർ തുടങ്ങിയ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. അതുപോലെതന്നെ നിഹാൽ,കോറോ,അരിത്ര ദാസ് തുടങ്ങിയ താരങ്ങൾക്ക് സീനിയർ ടീമിലേക്ക് പ്രമോഷൻ ലഭിക്കുകയും ചെയ്തു. ഇങ്ങനെ പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഇപ്പോൾ ക്ലബ്ബ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പരിക്കുകൾ കാരണം നിരവധി മാറ്റങ്ങൾ ടീമിനകത്ത് ഓരോ മത്സരത്തിനിടയിലും കോച്ചിന് നടപ്പിലാക്കേണ്ടിവന്നു.
ടീമിന്റെ പ്രാഥമികമായ പ്ലാനുകളിൽ പോലും ഇടമില്ലാത്ത താരങ്ങൾ ഇപ്പോൾ ക്ലബ്ബിന് വേണ്ടി കളിക്കുന്നുവെന്നും മികച്ച പ്രകടനം നടത്തുന്നുവെന്നും ഇവാൻ വുക്മനോവിച്ച് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമായ ഒരു കാര്യമാണെന്നും ഈ പരിശീലകൻ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
പകരക്കാരായി വന്നുകൊണ്ട് ഒരു പിടി മികച്ച താരങ്ങളെയാണ് ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഞങ്ങളുടെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയ പല താരങ്ങളും പ്രാഥമികമായ പദ്ധതിയിൽ പോലും ഇല്ലാത്ത താരങ്ങളായിരുന്നു. പക്ഷേ പരിക്കുകൾ കാരണം അവർക്ക് അവസരം ലഭിച്ചു. അവർ മുന്നോട്ട് കയറി വരികയും ചെയ്തു. അവർക്ക് കളിക്കാനുള്ള സമയങ്ങൾ നൽകിയാൽ തീർച്ചയായും അവർ ഡെവലപ്പ് ആവുകയും മുന്നോട്ട് പോവുകയും ചെയ്യും,വുക്മനോവിച്ച് പറഞ്ഞു.
ഏതായാലും ഒരല്പ സമയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പതിമൂന്നാമത്തെ മത്സരത്തിൽ ഒഡീഷയെ നേരിടും. സൂപ്പർ കപ്പിലെ പ്രകടനം പരിതാപകരമായിരുന്നുവെങ്കിലും അത് ഐഎസ്എല്ലിനെ ബാധിക്കില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.മികച്ച പ്രകടനം ഇന്നത്തെ മത്സരത്തിൽ ഉണ്ടാവും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.