ഇതിന് ഉത്തരവാദി ഞാനാണ്, ഞാൻ അത് ഏറ്റെടുക്കുന്നു: മോശം പ്രകടനത്തെ തുടർന്ന് ഹൃദയം തകർന്ന് വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ തോൽവിയാണ് കഴിഞ്ഞദിവസം ഏറ്റുവാങ്ങിയത്.ഈ സീസണിലേക്ക് പ്രമോട്ട് ചെയ്തു വന്ന പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ നിലം പരിശക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്.പ്രകടനവും മോശമായിരുന്നു.
അവസാനത്തെ നാലു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു എന്ന് പറയുമ്പോൾ തകർച്ചയുടെ പടുകുഴിയിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വീണുകൊണ്ടിരിക്കുന്നത്.എത്രയും പെട്ടെന്ന് അതിൽ നിന്നും കരകയറേണ്ടത് അത്യാവശ്യമാണ്. അടുത്ത മത്സരത്തിൽ എതിരാളികൾ ചെന്നൈയാണ്.ചെന്നൈയ്ക്കെതിരെ വിജയം നേടേണ്ടത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇപ്പോൾ നിർബന്ധമായി കഴിഞ്ഞിട്ടുണ്ട്.
തന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം എന്നാണ് ഈ മത്സരത്തെ പരിശീലകൻ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ തോൽവിയുടെ ഉത്തരവാദിത്വം ഇവാൻ വുക്മനോവിച്ച് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രകടനമാണ് ഇനി തുടരുന്നതെങ്കിൽ ലീഗിൽ ടോപ്പ് ഫോറിൽ എത്താനുള്ള അർഹത കേരള ബ്ലാസ്റ്റേഴ്സിന് ഇല്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഞങ്ങൾ വളരെ മോശം പ്രകടനമാണ് മത്സരത്തിൽ നടത്തിയത്.എന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഞാൻ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ കണ്ടത്. ഈ തോൽവിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഈ പ്രകടനം തുടരുകയാണെങ്കിൽ ലീഗിൽ ടോപ്പ് ഫോറിൽ എത്താൻ പോലുമുള്ള അർഹത ബ്ലാസ്റ്റേഴ്സിന് ഇല്ല. തീർച്ചയായും ഇത് എന്റെ ഉത്തരവാദിത്വമാണ്.ഈ ആരാധകർക്ക് വേണ്ടി ഞങ്ങൾ ഇങ്ങനെയല്ല കളിക്കേണ്ടത്.ഞങ്ങൾ തിരിച്ചു വരാൻ ശ്രമിക്കും, ഇതാണ് വുക്മനോവിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത് പരിക്കുകൾ തന്നെയാണ്.പല പ്രധാനപ്പെട്ട താരങ്ങളെയും പരിക്കു മൂലം ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്. പക്ഷേ അതിനേക്കാൾ ഉപരി ടീമിന്റെ ഒഴുക്ക് തന്നെ നഷ്ടമായിട്ടുണ്ട്. ലീഗിന്റെ രണ്ടാംഘട്ടത്തിൽ കാലിടറുന്ന പതിവ് ഇപ്രാവശ്യവും ബ്ലാസ്റ്റേഴ്സ് ആവർത്തിക്കുകയാണ്.