അവസാനത്തെ 10 മിനിറ്റ് എന്താണ് ചെയ്തത്? ആശങ്കകൾ മറച്ചുവെക്കാതെ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് സമനിലയിൽ തളക്കുകയായിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യം ജസ്റ്റിന്റെ അസിസ്റ്റിൽ ദിമി ഗോൾ സ്വന്തമാക്കി.
എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എൽസിഞ്ഞോയുടെ അസിസ്റ്റിൽ നിന്നും സിവേരിയോ അവർക്ക് വേണ്ടി വല കുലുക്കുകയായിരുന്നു.പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ ഇതേ സ്കോറിൽ തന്നെ മത്സരം അവസാനിക്കുകയായിരുന്നു. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ ആക്രമണ പ്രത്യാക്രമണങ്ങൾ വളരെ സജീവമായിരുന്നു. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ഭീഷണി ഗോൾമുഖത്ത് നേരിടേണ്ടി വന്നിരുന്നു.
അതിൽനിന്നും രക്ഷിച്ചത് ഗോൾകീപ്പർ കരൺജിത്താണ്. മത്സരത്തിന്റെ അവസാന 10 മിനിറ്റുകളിൽ തങ്ങൾ ചില പിഴവുകൾ വരുത്തി എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ വുക്മനോവിച്ച് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു പരിശീലകൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ തന്നെ ആശങ്കപ്പെടുത്തുന്നു എന്ന് വുക്മനോവിച്ച് പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഇന്നത്തെ മത്സരത്തിൽ ചാൻസുകൾ ക്രിയേറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഞങ്ങൾ വിജയം അർഹിച്ചവരായിരുന്നു.എന്നാൽ എതിരാളികളും അവസരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.വ്യക്തിഗത പിഴവുകളും മോശം തീരുമാനങ്ങൾ എടുക്കുന്നതും ഒരു പരിശീലകൻ എന്ന നിലയിൽ നമ്മെ നിരാശരാക്കും. ഇന്ന് പ്രത്യേകിച്ചും മത്സരത്തിന്റെ അവസാനത്തെ 10 മിനിറ്റുകളിൽ ഇത്തരം പിഴവുകൾ ഉണ്ടായിരുന്നു. അത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരം പിഴവുകൾ ഒന്നുമില്ലായ്മയിൽ നിന്നും പോലും എതിരാളികൾക്ക് വിജയിക്കാനുള്ള അവസരമാണ് നൽകുന്നത്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സ് വ്യക്തിഗത പിഴവുകൾ വരുത്തിവെക്കുന്നത് വർദ്ധിക്കുകയാണ്. മത്സരത്തിലെ സമനിലയോടു കൂടി ഏറെക്കുറെ പ്ലേ ഓഫ് ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ വരുന്ന ഏതെങ്കിലും മത്സരത്തിൽ ഒരു വിജയം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്.