എല്ലാ സീസണിലും പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ ഉണ്ടാവണം: കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ വ്യക്തമാക്കി വുക്മനോവിച്ച്.
ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ലഭിച്ചിട്ടുള്ളത്. എട്ടുമത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചു കഴിഞ്ഞപ്പോൾ 5 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.രണ്ട് സമനിലയും ഒരു തോൽവിയും ബ്ലാസ്റ്റേഴ്സ് വഴങ്ങി.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലബ് പരാജയപ്പെട്ടിട്ടില്ല. പക്ഷേ അവസാനത്തെ മത്സരത്തിൽ ചെന്നൈയോട് സമനില വഴങ്ങിയത് ആരാധകർക്ക് നിരാശ ഉണ്ടാക്കിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ച ഒരു മത്സരം കൂടിയായിരുന്നു അത്.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. എട്ടുമത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. പക്ഷേ ഈ ഒന്നാം സ്ഥാനം നിലനിർത്തുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്തെന്നാൽ കടുത്ത എതിരാളികളെയാണ് ഈ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്.
പുതിയ പ്രസ് കോൺഫറൻസിൽ ഇവാൻ വുക്മനോവിച്ചും ക്വാമെ പെപ്രയുമായിരുന്നു പങ്കെടുത്തിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ് എന്നത് പരിശീലകൻ വുക്മനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്.അതായത് എല്ലാകാലവും പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ക്ലബ്ബുകളിൽ ഒന്നായി മാറുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ദീർഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്കാണ് ക്ലബ് രൂപം നൽകിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഫോക്കസ് ചെയ്തിരിക്കുന്നത് ലോങ്ങ് ടേമിലേക്ക് ആണ്.ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ഞങ്ങളുടെ മുന്നിലുള്ളത്. പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങൾക്ക് വേണ്ടി സ്ഥിരമായി പോരാടുന്ന ഒരു ടീമിനെ വാർത്തെടുക്കണം.ഞങ്ങളുടെ ലക്ഷ്യങ്ങളെ ഓർക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാത്രമല്ല നല്ല യുവതാരങ്ങളെ ഗുണനിലവാരത്തോടുകൂടി ഉയർത്തിക്കൊണ്ടുവരേണ്ടതും ക്ലബ്ബിന്റെ കടമയാണ്,വുക്മനോവിച്ച് പറഞ്ഞു.
അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോവയെയാണ് നേരിടുക. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക.ഗോവ മിന്നും ഫോമിലാണ് കളിക്കുന്നത്.അവരെ തോൽപ്പിക്കുക എന്നത് ഒരല്പം കഠിനമായിരിക്കും. ഡിസംബർ മൂന്നാം തീയതിയാണ് ഈ മത്സരം അരങ്ങേറുക.