ലൂണയുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റുമായി ഇവാൻ,ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലമായിരുന്നു ക്ലബ്ബിന് നഷ്ടമായത്. ട്രെയിനിങ്ങിനിടെ പരിക്കേറ്റ അദ്ദേഹത്തിന് സർജറി നിർബന്ധമായി.സർജറി വിജയകരമായി അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.ഇപ്പോൾ അതിൽ നിന്നും മുക്തനാവാനുള്ള ശ്രമങ്ങളിലാണ് ഈ താരമുള്ളത്. ദീർഘകാലം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരും എന്നത് നേരത്തെ തന്നെ പുറത്തുവന്ന കാര്യമാണ്.
ഇനി ഈ സീസണിൽ ലൂണക്ക് കളിക്കാനാവില്ല എന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.പക്ഷേ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല.അതുകൊണ്ടുതന്നെ ചെറിയ പ്രതീക്ഷകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഉണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷകളെ തല്ലി കെടുത്തുന്ന രൂപത്തിലുള്ള ഒരു പ്രസ്താവനയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് നടത്തിയിട്ടുള്ളത്.
അതായത് ഇനി ഈ സീസണിൽ അഡ്രിയാൻ ലൂണ കളിക്കും എന്ന് പറയാൻ വളരെയധികം ബുദ്ധിമുട്ടുണ്ട് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. സൂപ്പർ കപ്പിന് ശേഷം ലൂണ കൊച്ചിയിൽ തിരിച്ചെത്തുമെന്നും എന്നാൽ അതിനുശേഷവും അദ്ദേഹത്തിന് റിക്കവറി ആവശ്യമാണ് എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.പുതിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ പതിനാലാം തീയതിയാണ് ലൂണ തന്റെ സർജറി പൂർത്തിയാക്കിയത്.അതിന്റെ ആദ്യത്തെ റിക്കവറി പ്രോസസിന് തന്നെ അഞ്ചോ ആറോ ആഴ്ചകൾ വേണം. ആ റിക്കവറി പ്രോസസിന് ശേഷം അദ്ദേഹം കൊച്ചിയിൽ തിരിച്ചെത്തും.അപ്പോഴേക്കും സൂപ്പർ കപ്പ് അവസാനിച്ചിട്ടുണ്ടാകും.അതിനുശേഷവും അദ്ദേഹം റിക്കവറി പ്രോസസ് തുടരും.ഈ സീസണിൽ ഇനി ലൂണ തിരിച്ചെത്തും എന്ന് പറയൽ ബുദ്ധിമുട്ടുള്ള കാര്യമാണ്,കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
അപ്പോൾ ഇനി ലൂണയെ നമുക്ക് അടുത്ത സീസണിൽ മാത്രമാണ് കാണാൻ കഴിയുക എന്നത് ഒഫീഷ്യൽ ആയി കൊണ്ട് തന്നെ ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ക്ലബ്ബിന് ഇപ്പോൾ നഷ്ടമായത്.മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം നേടിയിരുന്നു.