ലൂണയും കളിപ്പിക്കും എന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് കളിപ്പിച്ചില്ല? വിശദീകരണവുമായി വുക്മനോവിച്ച്
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ യുവ താരം ഐമനാണ് തിളങ്ങിയത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു.ഡൈസുകെ സക്കായ്,നിഹാൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് സൗരവ് മണ്ടലും തിളങ്ങിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ഫെഡോർ ചെർനിച്ചിന് പരിക്കേറ്റു എന്ന റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.എന്നാൽ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് താരം ഇന്നലത്തെ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ആരാധകർ കാത്തിരുന്നത് അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവിന് വേണ്ടിയായിരുന്നു. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ കുറച്ചു മിനുട്ടുകൾ ലൂണക്ക് നൽകുമെന്ന് വുക്മനോവിച്ച് പറഞ്ഞിരുന്നു. എന്നാൽ ലൂണയെ കാത്ത് നിന്ന ആരാധകർക്ക് നിരാശയാണ് ലഭിച്ചത്.
ലൂണ മത്സരത്തിൽ കളിച്ചിരുന്നില്ല.അതിനുള്ള ഒരു വിശദീകരണം പരിശീലകൻ നൽകുകയും ചെയ്തിട്ടുണ്ട്.ലൂണയെ കളിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ യെല്ലോ കാർഡ് റിസ്ക് ഉണ്ടായതിനാൽ അതിൽ നിന്ന് പിന്മാറി എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.ലൂണയുടെ കാര്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇവാൻ പറഞ്ഞത് ഇപ്രകാരമാണ്.
ഈ മത്സരത്തിൽ അഡ്രിയാൻ ലൂണക്ക് കുറച്ച് സമയം നൽകുക എന്ന ഐഡിയ ഞങ്ങൾക്ക് ഉണ്ടായിരുന്നു.പക്ഷേ അതിൽ നിന്നും ഞങ്ങൾ പിന്മാറി. എന്തെന്നാൽ അവിടെ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നു. ആ റിസ്ക്കിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചത്. നാലരമാസത്തെ ഇടവേളക്കുശേഷമാണ് അദ്ദേഹം വരുന്നത്.നമ്മൾ അദ്ദേഹത്തിന്റെ കാര്യത്തിൽ നല്ല ജാഗ്രത പാലിക്കണം,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് യെല്ലോ കാർഡുകൾ ലൂണക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ ലൂണ ഇറങ്ങിക്കൊണ്ട് യെല്ലോ കാർഡ് ലഭിച്ചാൽ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കും.അതായത് പ്ലേ ഓഫ് മത്സരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്.