ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു.നെസ്റ്റർ,ജിതിൻ എന്നിവർ നേടിയ ഗോളുകളാണ് നോർത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ഒരുപാട് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരുന്നത്. ചില താരങ്ങൾ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു ഇലവനായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. മോശമല്ലാത്ത രീതിയിൽ ഇന്നലെ കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ വഴങ്ങിയ പിഴവുകൾ കാരണമായി ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഈ തോൽവിയെക്കുറിച്ച് ചില കാര്യങ്ങൾ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
അതായത് മത്സരത്തിൽ പങ്കെടുത്ത യുവതാരങ്ങളുടെ കാര്യത്തിൽ തനിക്ക് അഭിമാനം മാത്രമാണ് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഏഴ് ദിവസത്തിനിടെ മൂന്നു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടി വന്നുവെന്നും എന്നാൽ ഇത് തോൽവിക്കുള്ള ന്യായീകരണമായി കൊണ്ട് പറയുന്നില്ല എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
മത്സരം വളരെ ബുദ്ധിമുട്ടേറിയതും സങ്കീർണമായതും ആയിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കാരണം ഞങ്ങൾ 7 ദിവസത്തിനുള്ളിൽ മൂന്നാമത്തെ മത്സരമാണ് കളിക്കുന്നത്.പക്ഷേ ഇത് തോൽവിക്കുള്ള ഒരു ന്യായീകരണമല്ല. പരിക്കുകൾ ഉണ്ടായിരുന്നു, മാത്രമല്ല ചില താരങ്ങൾക്ക് റീഫ്രഷ് ആവാൻ വേണ്ടി വിശ്രമം നൽകേണ്ടി വന്നു. അതുകൊണ്ടാണ് ഈ യുവതാരങ്ങൾക്ക് അവസരം നൽകിയത് വന്നത്. ഇതിൽ നിരാശ ഒന്നുമില്ല.ഈ ഉപകാരത്തിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഇനി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ഈ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ക്ലബ്ബ് വിജയിച്ചിട്ടുള്ളത്.9 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.