കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇനി അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലും പ്രധാന സ്ട്രൈക്കറായിക്കൊണ്ട് ക്വാമെ പെപ്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ പെപ്രയെ ഇങ്ങനെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനോട് ആരാധകരിൽ ചിലർക്ക് എതിർപ്പുണ്ട്.അതിന് കാരണം അദ്ദേഹത്തിന്റെ കണക്കുകൾ തന്നെയാണ്.ഈ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ കളിച്ച ഏഴു മത്സരങ്ങളിലും പെപ്ര പങ്കെടുത്തിട്ടുണ്ട്. ഇതിൽനിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
പ്രധാനപ്പെട്ട സ്ട്രൈക്കർ ഗോളുകളും അസിസ്റ്റുകളും നേടാത്തതിൽ ആരാധകർക്ക് എതിർപ്പുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്റെ പ്രതികരണം രേഖപ്പെടുത്തിക്കഴിഞ്ഞു. മറ്റുള്ള താരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നതിന് നമ്മൾ പെപ്രയോട് നന്ദി പറയണം എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാവുന്ന താരമാണ് പെപ്ര. ഫിസിക്കലി വളരെ കരുത്തനായ താരമാണ് പെപ്ര. അതുകൊണ്ടുതന്നെ അദ്ദേഹം എപ്പോഴും ബോൾ ഹോൾഡ് ചെയ്യാറുണ്ട്.മറ്റുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതിന് നമ്മൾ പെപ്രയോട് നന്ദി പറയണം.അദ്ദേഹം ഞങ്ങൾക്ക് വളരെയധികം ഉപയോഗപ്പെടുന്ന താരമാണ്.കാരണം ടീമിനകത്ത് കുറെ എക്സ്ട്രാ കാര്യങ്ങൾ അദ്ദേഹം നൽകുന്നു,ഇതാണ് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
അതായത് ഗോളുകളും അസിസ്റ്റുകളും നേടിയിട്ടില്ലെങ്കിലും ഈ സ്ട്രൈക്കറുടെ പ്രകടനം ടീമിന് വളരെയധികം സഹായകരമാകുന്നു എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.പെപ്രയുടെ വർക്ക് റേറ്റിനെയാണ് അദ്ദേഹം പ്രശംസിച്ചത്.മുന്നേറ്റനിരയിൽ വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്ന താരമാണ് പെപ്ര എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ഗോളുകൾ ഇല്ലാത്തതാണ് ആരാധകർക്ക് ആശങ്ക നൽകുന്നത്.എന്നാൽ ആശങ്ക വേണ്ട എന്ന് തന്നെയാണ് കോച്ച് വ്യക്തമാക്കുന്നത്.