കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളക്കുകയാണ് ചെയ്തത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി. മത്സരത്തിൽ ആദ്യം ദിമിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് കണ്ടെത്തുകയായിരുന്നു.
പക്ഷേ ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ സിവേരിയോയിലൂടെ ജംഷഡ്പൂർ തിരിച്ചടിച്ചു. പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല. മത്സരത്തിന്റെ അവസാനത്തിൽ രണ്ട് ടീമുകൾക്കും അവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോൾകീപ്പർമാരുടെ വിരോചിത ഇടപെടലുകൾ ഗോൾ നിഷേധിക്കുകയായിരുന്നു. അങ്ങനെയാണ് രണ്ട് ടീമുകളും പോയിന്റുകൾ പങ്കിട്ടെടുത്തത്.
ഇന്നലത്തെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ചില മാറ്റങ്ങൾ വുക്മനോവിച്ച് നടത്തിയിരുന്നു. പ്രത്യേകിച്ച് മുന്നേറ്റ നിരയിൽ ജസ്റ്റിൻ ഇമ്മാനുവലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അധികം വൈകാതെ അദ്ദേഹം പുറത്താവുകയും പകരം ചെർനിച്ച് കളത്തിലേക്ക് വരികയും ചെയ്തു. ഏതായാലും വരുന്ന മത്സരങ്ങളിൽ നിർണായകമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് വുക്മനോവിച്ച് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അതായത് താരങ്ങളെ റൊട്ടേറ്റ് ചെയ്യാനാണ് ഇപ്പോൾ ഈ പരിശീലകൻ ഉദ്ദേശിക്കുന്നത്.വരുന്ന മത്സരങ്ങളിൽ താരങ്ങളെ റൊട്ടേറ്റ് ചെയ്യണം, ചിലപ്പോൾ അഞ്ചോ ആറോ താരങ്ങളെ വരെ റൊട്ടേറ്റ് ചെയ്യേണ്ടിവരും എന്നാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്. അർത്ഥം വരുന്ന മത്സരങ്ങളിൽ അടിമുടി മാറ്റങ്ങൾ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്നാണ്.
ഇന്നലത്തെ മത്സരത്തിൽ സുപ്രധാന താരങ്ങളായ ഡാനിഷ് ഫാറൂഖ്,മിലോസ് ഡ്രിൻസിച്ച് എന്നിവർക്ക് യെല്ലോ കാർഡുകൾ ലഭിച്ചിരുന്നു. നിശ്ചിത യെല്ലോ കാർഡുകൾ പിന്നിട്ടതുകൊണ്ടുതന്നെ രണ്ടുപേർക്കും സസ്പെൻഷനാണ്. അടുത്ത മത്സരത്തിൽ 2 താരങ്ങൾക്കും കളിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ കാതലായ മാറ്റങ്ങൾ അടുത്ത മത്സരത്തിൽ എന്തായാലും ഉണ്ടാകും.