ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷഡ്പൂരിന്റെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ 1-1 എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും തമ്മിലുള്ള മത്സരം അവസാനിച്ചത്.ദിമിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ലീഡ് കണ്ടെത്തുകയായിരുന്നു. എന്നാൽ സിവേറിയോ നേടിയ ഗോളിലൂടെ അവർ ഒപ്പമെത്തി.
പിന്നീട് മത്സരത്തിൽ ഗോളുകൾ ഒന്നും പിറന്നില്ല. അങ്ങനെ രണ്ട് ടീമുകളും ഓരോ പോയിന്റുകൾ വീതം പങ്കിട്ടെടുത്തു.ഈ മത്സരത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് വിശകലനം ചെയ്തിട്ടുണ്ട്. ഇതൊരു പോസിറ്റീവായ റിസൾട്ട് ആണെന്നും അതിൽ ഹാപ്പിയാണ് എന്നുമാണ് കോച്ച് പറഞ്ഞിട്ടുള്ളത്. മൂന്നാം തവണയും പ്ലേ ഓഫിലേക്ക് കടക്കാൻ സാധിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. പൂർണ്ണരൂപം ഇപ്രകാരമാണ്.
ഒരു വശം നോക്കുമ്പോൾ ഞാൻ തൃപ്തനാണ്. കാരണം ഇത് പോസിറ്റീവ് റിസൾട്ട് ആണ്. കഴിഞ്ഞ കാലയളവിൽ ഞങ്ങൾക്ക് ചില മോശം റിസൾട്ട് ഉണ്ടായിരുന്നു. ഞങ്ങൾ ചില മത്സരങ്ങളിൽ പരാജയപ്പെട്ടു. മുൻപ് ഞങ്ങൾ പ്ലേ ഓഫിൽ നിന്ന് യോഗ്യത നേടുന്നതിൽ നിന്ന് അകലെയായിരുന്നു. കളിക്കാരുടെ അഭാവം, മറ്റുള്ള പല കാര്യങ്ങൾ ഞാൻ ഒഴിവുകഴിവായി പറയുന്നില്ല.
തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കയറാൻ സാധിക്കുമെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ടീമിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്തതാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കുന്ന എല്ലാവർക്കും ഞങ്ങൾ മികച്ചവർക്കൊപ്പമാണെന്നുള്ള വികാരം ഉണ്ടായിരിക്കണം. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ഏറെക്കുറെ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു എന്ന് പറയാമെങ്കിലും പ്ലേ ഓഫിലേക്ക് പ്രവേശനം ബ്ലാസ്റ്റേഴ്സ് സാധ്യമാക്കിയിട്ടില്ല. അടുത്ത മത്സരത്തിൽ പോസിറ്റീവായ ഒരു റിസൾട്ട് ആവശ്യമാണ്.അത് ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ.