കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനിനെയാണ് നേരിടുക.ചുരുങ്ങിയ മണിക്കൂറുകൾക്കകം ആ മത്സരം മോഹൻ ബഗാനിന്റെ മൈതാനത്ത് വെച്ചുകൊണ്ട് നടക്കും.ഈ മത്സരത്തിൽ മലയാളി താരമായ സഹൽ അബ്ദുസമദ് കളിക്കുന്ന കാര്യം സംശയത്തിലാണ്. അദ്ദേഹം ഇപ്പോൾ മോഹൻ ബഗാനിന്റെ താരമാണ്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹത്തിന്റെ കാര്യം സംശയത്തിലായിരിക്കുന്നത്.
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.തുടർന്ന് മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്തു.ബ്ലാസ്റ്റേഴ്സിന് ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളെയായിരുന്നു നഷ്ടമായിരുന്നത്. ഒരുപാട് കാലം ക്ലബ്ബിനുവേണ്ടി കളിച്ച താരത്തിന്റെപോക്ക് ആരാധകർക്കിടയിൽ ഒരല്പം നിരാശ സമ്മാനിച്ചിരുന്നു. മികച്ച പ്രകടനം മോഹൻ ബഗാനിൽ നടത്താനും സഹലിന് കഴിയുന്നുണ്ട്.
സഹലിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.സഹലിനെ താൻ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതിന്റെ വ്യക്തമായ കാരണം അദ്ദേഹം പറയുന്നുണ്ട്. റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സഹലിനെ കുറിച്ച് വുക്മനോവിച്ച് സംസാരിച്ചിരുന്നത്.
ഞാൻ സഹലിനെ മിസ്സ് ചെയ്യുന്നുണ്ട്. കാരണം നിങ്ങൾ എപ്പോഴും നല്ല മനുഷ്യരെ മിസ്സ് ചെയ്യും.അത്തരത്തിൽ ഞാൻ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. പക്ഷേ ഫുട്ബോൾ കരിയർ എന്നുള്ളത് ഇങ്ങനെയൊക്കെ തന്നെയാണ്. വളരെ ചെറിയ കരിയർ ആണ് നമ്മുടെ മുന്നിലുള്ളത്. സമയം വളരെ പരിമിതമാണ്. ഇത്തരം തീരുമാനങ്ങൾ നമ്മളുടെ ജീവിതത്തിൽ വളരെ നിർണായകമാണ്.ശരിയാണ് ഒരു മികച്ച താരത്തെ നമുക്ക് നഷ്ടമായി, മികച്ച ഒരു വ്യക്തിയെ നമുക്ക് നഷ്ടമായി, നഷ്ടമായത് ഒരു മലയാളി താരത്തെയാണ്. നമ്മൾ എപ്പോഴും ടീമിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന താരമാണ് സഹൽ.പക്ഷേ മറ്റൊരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്. കാരണമെന്ന് അദ്ദേഹത്തിന് കൂടുതൽ ഡെവലപ്പ് ചെയ്യാനുള്ള ഒരു അവസരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്, ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ലീഗിൽ ആകെ 6 മത്സരങ്ങളാണ് സഹലിന് കളിക്കാൻ സാധിച്ചിട്ടുള്ളത്. അതിൽ നിന്ന് 4 അസിസ്റ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഏതായാലും താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നു എന്നുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.