ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കരുത്തരായ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ഒരു മത്സരം കൂടിയാണിത്.കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം കളിക്കുന്ന അവസാനത്തെ മത്സരമാണിത്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാൻ ഗോവയോട് തകർന്നടിഞ്ഞിരുന്നു. അതിൽനിന്നും അവർക്ക് തിരിച്ചു വരേണ്ടതുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനോട് ഇതുവരെ പരാജയപ്പെടേണ്ട ഒരു അവസ്ഥ യുവാൻ ഫെറാണ്ടോയുടെ മോഹൻ ബഗാന് ഉണ്ടായിട്ടില്ല.ഈ കണക്കുകൾ തിരുത്തി എഴുതുക എന്ന ഒരു ലക്ഷ്യം കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയുടെ ഫിക്സ്ചർ ഇനിയും പുറത്ത് വരേണ്ടതുണ്ട്.ഈ മത്സരത്തിനുശേഷം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കളിക്കുക എന്നത് വ്യക്തമല്ല. അതേസമയം സൂപ്പർ കപ്പ് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നുണ്ട്. ഏതായാലും ഈ മത്സരത്തിനുശേഷം ഒരു ബ്രേക്ക് എടുക്കുകയാണ് എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രഖ്യാപിച്ചിട്ടുണ്ട്.വുക്മനോവിച്ച് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്.
അടുത്ത മത്സരത്തിനുശേഷം ഞങ്ങൾ ഒരു ചെറിയ ബ്രേക്ക് എടുക്കും.ന്യൂ ഇയറിന് ശേഷമാണ് ഞങ്ങൾ പരിശീലനം ആരംഭിക്കുക,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ട്രെയിനിങ്ങിൽ മടങ്ങിയെത്തിയ ശേഷം സൂപ്പർ കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുക. ജനുവരി പത്താം തീയതി ഷില്ലോങ് ലെജോങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. ജനുവരി പതിനഞ്ചാം തീയതി ജംഷെഡ്പൂരിനെതിരെയും ജനുവരി 20 നോർത്ത് ഈസ്റ്റ്നെതിരെയും കേരള ബ്ലാസ്റ്റേഴ്സിന് മത്സരങ്ങളുണ്ട്.
ഏതായാലും നിലവിലെ ലക്ഷ്യം മോഹൻ ബഗാനെ തോൽപ്പിക്കുക എന്നത് തന്നെയാകും. 11 മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങിയിട്ടുണ്ട്. 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. 9 മത്സരങ്ങളിൽ നിന്ന് ഇത്രയധികം പോയിന്റുള്ള ഗോവ നിലവിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നുണ്ട്.