ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. സംഭവബഹുലമായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ട് താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചതോടെയാണ് മത്സരം കൈവിട്ടത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ചെർനിച്ച് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി ക്രെസ്‌പൊയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും കളിച്ചിരുന്നു. നേരത്തെ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ടെങ്കിലും വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവരെ പരിശീലകൻ കളിപ്പിച്ചിരുന്നു.ദിമി,ചെർനിച്ച്,സക്കായ്,ലെസ്ക്കോവിച്ച് എന്നിവരൊക്കെ ഈ മത്സരത്തിൽ കളിച്ചിരുന്നു.ഇനി രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. നോർത്ത് ഈസ്റ്റിനെതിരെ ഗുവാഹത്തിയിൽ വച്ചുകൊണ്ട് ഒരു മത്സരം,അതിനുശേഷം ഹൈദരാബാദിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.
ഈ രണ്ട് മത്സരങ്ങളിലും വിദേശ താരങ്ങൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്ന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ വുക്മനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ താരങ്ങൾക്ക് വിശ്രമം നൽകുകയാണ് ചെയ്യുക.മറിച്ച് ഇന്ത്യൻ താരങ്ങളെ വെച്ചുകൊണ്ടാണ് മിക്കവാറും ഈ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുക. പ്ലേ ഓഫിന് വേണ്ടി ഏറ്റവും മികച്ച രൂപത്തിൽ ഒരുങ്ങാനാണ് വിദേശ താരങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകാൻ ഇവാൻ വുക്മനോവിച്ചിനെ പ്രേരിപ്പിക്കുന്നത്.
മിക്കവാറും ഞങ്ങൾ നോർത്ത് ഈസ്റ്റിലേക്കും ഹൈദരാബാദിലേക്കും സഞ്ചരിക്കുന്നത് വിദേശ താരങ്ങൾ ഇല്ലാതെയായിരിക്കും. ഒരു ഇന്ത്യൻ സ്‌ക്വാഡിനെയായിരിക്കും നിങ്ങൾക്ക് കാണാൻ സാധിക്കുക, ഇതാണ് മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അതായത് സുപ്രധാന താരങ്ങൾ വരുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ഉണ്ടാവില്ല എന്നുള്ളത് ഇപ്പോൾ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.ഇനി പ്ലേ ഓഫിലായിരിക്കും അവരെ കാണാൻ സാധിക്കുക.
നിലവിൽ വളരെ പരിതാപകരമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ 8 തോൽവികൾ ആകെ വഴങ്ങിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിട്ടുണ്ട്.പ്ലേ ഓഫിലും ബ്ലാസ്റ്റേഴ്സിന് വലിയ പ്രതീക്ഷകൾ ഒന്നും ഇപ്പോൾ ആരാധകർ കൽപ്പിക്കുന്നില്ല.