ചാമ്പ്യൻസ് ലീഗ് പോലെയാക്കണം,മൂന്ന് വിദേശ താരങ്ങൾ മതി,അണ്ടർ 23 താരങ്ങൾ വേണം: സൂപ്പർ കപ്പിൽ അടിമുടി മാറ്റങ്ങൾ നിർദ്ദേശിച്ച് വുക്മനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കലിംഗ സൂപ്പർ കപ്പിൽ മോശം പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.അതിനുശേഷം നടന്ന ഐഎസ്എൽ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടു.കൃത്യമായി പറഞ്ഞാൽ അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ബാറ്റേഴ്സിന് സൂപ്പർ കപ്പോട് കൂടി താളം തെറ്റുകയായിരുന്നു. ഇപ്പോഴിതാ സൂപ്പർ കപ്പ് നടത്തിപ്പിനെതിരെ വലിയ വിമർശനങ്ങൾ പരിശീലകൻ വുക്മനോവിച്ച് നടത്തിയിട്ടുണ്ട്.അതായത് സൂപ്പർ കപ്പിന്റെ ഫോർമാറ്റ് തന്നെ മാറ്റണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് നടത്തുന്നതുപോലെ ഐഎസ്എൽ മത്സരങ്ങൾക്കിടയിൽ സൂപ്പർ കപ്പ് നടത്തേണ്ട ആവശ്യകതയെ പറ്റി ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ആരാധകരും ട്രെയിനിങ് ഫെസിലിറ്റുകളും ഇല്ലാത്ത ഒരിടത്ത് സൂപ്പർ കപ്പ് നടത്തുന്നതിനെയാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.

മാത്രമല്ല ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം സൂപ്പർ കപ്പിൽ നൽകേണ്ടതുണ്ട് എന്ന ആവശ്യവും ഇദ്ദേഹം ഉന്നയിച്ചു. 6 വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്നതിന് പകരം മൂന്ന് വിദേശ താരങ്ങളെയും മൂന്ന് അണ്ടർ 23 ഇന്ത്യൻ താരങ്ങളെയും കളിപ്പിക്കാനുള്ള നിയമം കൊണ്ടുവരണമെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

16 ടീമുകൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിനു വേണ്ടി നിങ്ങൾ ഒരു നഗരത്തിലേക്ക് യാത്ര ചെയ്യുന്നു, അവിടെ കൃത്യമായ പരിശീലന സൗകര്യങ്ങളോ താമസ സൗകര്യങ്ങളോ ഇല്ല. അത്തരമൊരു സാഹചര്യത്തിൽ സൂപ്പർ കപ്പ് നടത്തുന്നത് തന്നെ വിഡ്ഢിത്തമാണ്.ഞങ്ങൾക്ക് പരിക്ക് പറ്റാനുള്ള പ്രധാന കാരണം ഇതൊക്കെയാണ്. ചാമ്പ്യൻസ് ലീഗ് നടത്തുന്നതുപോലെ സൂപ്പർ കപ്പ് ലീഗ് മത്സരങ്ങൾക്കിടയിൽ നടത്തണം.മാത്രമല്ല 6 വിദേശ താരങ്ങൾക്ക് പകരം മൂന്ന് വിദേശ താരങ്ങളും മൂന്ന് അണ്ടർ 23 ഇന്ത്യൻ താരങ്ങളും വേണം.അത് ടീമിന്റെ ഡൊമസ്റ്റിക് കോർ വർദ്ധിപ്പിക്കാൻ കാരണമാകും.തീർച്ചയായും അത് എല്ലാ ടീമുകൾക്കും പ്രചോദനമേകുന്ന ഒന്നായിരിക്കും, ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ചത് പരിക്കുകളാണ്. പല പ്രധാനപ്പെട്ട താരങ്ങളെയും പരിക്കു കാരണം ബ്ലാസ്റ്റേഴ്സ് നഷ്ടമായതാണ് ഈ മോശം പ്രകടനത്തിന്റെ പ്രധാന കാരണം.ഇന്ന് നടക്കുന്ന മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്നെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment