നിങ്ങൾ താരങ്ങളെയും ടീമുകളെയും നശിപ്പിക്കുകയാണ്: ആഞ്ഞടിച്ച് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തുടർച്ചയായി മത്സരങ്ങൾ കളിക്കുകയാണ്. ജംഷഡ്പൂരിനെതിരെയുള്ള മത്സരത്തിനുശേഷം സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് നേരിട്ടു. ഈ മത്സരത്തിന് ശേഷം ഉടൻതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.അടുത്ത മത്സരത്തിൽ ഹൈദരാബാദിനെയും ബ്ലാസ്റ്റേഴ്സ് നേരിടും.
ബ്ലാസ്റ്റേഴ്സിന്റെ ചില താരങ്ങൾ എനിക്ക് ഇന്ത്യയുടെ അണ്ടർ 23 ടീമിനോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല ചില താരങ്ങൾ ഇന്റർനാഷണൽ ബ്രേക്കിൽ ദേശീയ ടീമിനോടൊപ്പം ഉണ്ടായിരുന്നു. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് മടങ്ങിവന്ന് ഉടൻതന്നെ അവർക്ക് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കേണ്ട ഒരു സ്ഥിതിവിശേഷം ഉണ്ടായി. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ഇത്തരം ടൈറ്റ് ഷെഡ്യൂളുകൾ ഒരുക്കിയ അധികൃതർക്കെതിരെയാണ് വുക്മനോവിച്ച് ഇന്നലത്തെ പത്രസമ്മേളനത്തിൽ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. നിങ്ങൾ താരങ്ങളെയും ടീമുകളെയും നശിപ്പിക്കുകയാണ് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
വിബിൻ ഇപ്പോൾ ഞങ്ങൾക്കൊപ്പമുണ്ട്. പക്ഷേ അദ്ദേഹത്തിന് ഇപ്പോൾ തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരികയാണ്. ജംഷെഡ്പൂരിനെതിരെയുള്ള മത്സരത്തിന് തൊട്ടുമുന്നേയാണ് അദ്ദേഹം മലേഷ്യയിൽ നിന്നും ടീമിനോടൊപ്പം ജോയിൻ ചെയ്തത്.ഇന്ത്യയുടെ ടീമിനോടൊപ്പമായിരുന്നു അദ്ദേഹം.ഫെഡോറും ഇങ്ങനെ തന്നെയാണ്.ജീക്സണും ഇതേ അവസ്ഥയിൽ തന്നെയാണ് ഉള്ളത്. ഒരുപാട് യാത്രകൾ ചെയ്ത ഉടനെ തന്നെ ഇവർക്ക് നിരന്തരം മത്സരങ്ങൾ കളിക്കേണ്ടി വരുന്നു. ഈ ഫിക്സ്ചറുകൾ തയ്യാറാക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഇതെല്ലാം പരിഗണിക്കണം എന്നാണ്.നിങ്ങൾ ഇതുവഴി ടീമിനെയും താരങ്ങളെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. എനിക്ക് തോന്നുന്നത് അവർ ക്ലബ്ബുകളുടെയും താരങ്ങളുടെയും കാര്യത്തിൽ ഒരു വിലയും കൽപ്പിക്കുന്നില്ല എന്നാണ്,വുക്മനോവിച്ച് പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ നിരവധി മാറ്റങ്ങളോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. പല താരങ്ങൾക്കും ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിശ്രമം അനുവദിച്ചേക്കും.ചില വിദേശ താരങ്ങൾ ടീമിനോടൊപ്പം സഞ്ചരിച്ചിട്ടില്ല.മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.