കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി കളിക്കളത്തിലേക്ക് എത്തുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം റൗണ്ട് പോരാട്ടത്തിൽ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്.കഴിഞ്ഞ നാലാം തീയതി ആയിരുന്നു ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു മത്സരം കളിച്ചത്.ആ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. തികച്ചും ആവേശകരമായിരുന്നു ആ മത്സരം.
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ നേടിയത് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമണ്ടക്കോസായിരുന്നു.ആ ഗോൾ കൂടി പിറന്നതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചത്. അതിന്റെ ആവേശത്തിൽ ജഴ്സി ഊരി കൊണ്ടാണ് ദിമി സെലിബ്രേഷൻ നടത്തിയത്.എന്നാൽ അതിനു തൊട്ടു മുന്നേ അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിച്ചത് താരം മറന്നിരുന്നു. ഫലമായിക്കൊണ്ട് വീണ്ടും യെല്ലോ കാർഡ് ലഭിച്ചതോടെ അത് റെഡ് കാർഡ് ആയി മാറി. താരത്തിന് സസ്പെൻഷൻ വരികയും ചെയ്തു.
ഇന്നത്തെ മത്സരത്തിൽ ഈ സൂപ്പർതാരത്തിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടാവില്ല. ഇന്നലത്തെ പത്രസമ്മേളനത്തിൽ ദിമിയുടെ വിലക്കിനെ കുറിച്ച് പരിശീലകനായ വുക്മനോവിച്ച് സംസാരിച്ചിട്ടുണ്ട്.ദിമിക്ക് അദ്ദേഹം നൽകുന്ന രസകരമായ പണിഷ്മെന്റ് എന്താണ് എന്നത് കോച്ച് പറഞ്ഞു കഴിഞ്ഞു. ക്ലബ്ബിന്റെ ബിൽഡിങ്ങിലേക്ക് പണം നൽകണമെന്നും എല്ലാവർക്കും നല്ല ഒരു ഡിന്നർ വാങ്ങിച്ചു നൽകണമെന്നുമാണ് തമാശക്ക് ഇവാൻ പറഞ്ഞിട്ടുള്ളത്.
ദിമി വഴങ്ങിയ രണ്ട് യെല്ലോ കാർഡുകളും അനാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ പണിഷ്മെന്റ് ആയിക്കൊണ്ട് അദ്ദേഹം ടീമിന്റെ ബിൽഡിങ്ങിന് പണം നൽകണം.മാത്രമല്ല എല്ലാവർക്കും നല്ല ഒരു ഡിന്നർ വാങ്ങിച്ചു നൽകുകയും വേണം.പക്ഷേ അദ്ദേഹത്തിന്റെ ആ പ്രവർത്തി എന്തുകൊണ്ടാണ് ഉണ്ടായത് എന്ന് എനിക്ക് കൃത്യമായി അറിയാം.കാരണം അദ്ദേഹം സന്തോഷത്തിന്റെ പാരമ്യതയിലായിരുന്നു. എന്തെന്നാൽ അദ്ദേഹത്തിന് കുഞ്ഞ് പിറന്നിട്ട് അധിക സമയമൊന്നും ആയിരുന്നില്ല.അതിനു പിന്നാലെ ഗോൾ നേടാൻ കൂടി കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സന്തോഷം വർദ്ധിച്ചു,ഇതായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്.
ദിമി പരിക്കു മൂലം പുറത്തായതുകൊണ്ട് നേരത്തെ അദ്ദേഹത്തിന്റെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിലും വിജയം നേടാൻ കഴിയും എന്ന പ്രതീക്ഷകൾ ആരാധകർക്കുണ്ട്.പെപ്ര കൂടി ഗോൾ നേടാൻ തുടങ്ങിയാൽ പിന്നീട് ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമായി തുടങ്ങും.