കുറെ കുട്ടികൾ ഓടി കളിക്കുന്നത് പോലെയുണ്ടായിരുന്നു, ഇത്തരം മത്സരങ്ങളിലാണോ വ്യക്തിഗത പിഴവുകൾ വരുത്തിവെക്കുന്നത്? രോഷാകുലനായി വുക്മനോവിച്ച്
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് നടത്തിയിട്ടുള്ളത്. അതിന്റെ അനന്തരഫലമായി കൊണ്ട് തന്നെയാണ് ഈ തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഗോളുകൾ നേടിയത് ദിമിയാണ്.അദ്ദേഹം തന്നെയാണ് കൂടുതൽ ആത്മാർത്ഥതയോടെ കൂടി മത്സരത്തിൽ കളിച്ചിട്ടുള്ളത്. മറ്റൊരു ഗോൾ വിബിന്റെ വകയായിരുന്നു. അതേസമയം അർമാന്റോ സാദിക്കു മോഹൻ ബഗാന് വേണ്ടി ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ടാഗ്രി,കമ്മിങ്‌സ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. മോഹൻ ബഗാൻ നേടിയ പല ഗോളുകളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു.
ഈ തോൽവിയിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ അസ്വസ്ഥനാണ്.ബ്ലാസ്റ്റേഴ്സ് താരങ്ങൾ വരുത്തിവെച്ച വ്യക്തിഗത പിഴവുകളാണ് ഈ തോൽവിയിലേക്ക് നയിച്ചത് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.കുറച്ച് കുട്ടികൾ ഓടിക്കളിക്കുന്നതുപോലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഈ മത്സരത്തിൽ എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പരിചയസമ്പത്ത് ഇല്ലായ്മയെയാണ് ഇദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.വുക്മനോവിച്ച് പറഞ്ഞത് ഇപ്രകാരമാണ്.
കുറച്ച് കുട്ടികൾ ഓടി കളിക്കുന്നതുപോലെയും ഫൈറ്റ് ചെയ്യുന്നത് പോലെയുമായിരുന്നു ഞങ്ങൾ.പല താരങ്ങളും അവരുടെ അരങ്ങേറ്റ സീസണിലാണ് ഇപ്പോൾ ഉള്ളത്. പക്ഷേ ഞങ്ങൾ ഇന്ന് വഴങ്ങിയ വ്യക്തിഗത പിഴവുകളിൽ ഞാൻ വളരെയധികം നിരാശനാണ്. വ്യക്തിഗത ഉത്തരവാദിത്വങ്ങൾ മത്സരത്തിന്റെ ഭാഗമാണ്. ഇത്തരം മത്സരങ്ങളിൽ ഇത്തരം പിഴവുകൾ വരുത്തിവെക്കാൻ പാടില്ല,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച 6 മത്സരങ്ങൾ 5 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇത് വളരെ വലിയ തിരിച്ചടിയാണ്.ഇനി ഏത് വിധേനയും പ്ലേ ഓഫിലേക്ക് കടക്കുക എന്ന ലക്ഷ്യം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. ഇനിയുള്ള 4 മത്സരങ്ങളിൽ വിജയങ്ങൾ കരസ്ഥമാക്കൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ്.