എന്തുകൊണ്ട് നമ്മൾ ഗോവയോട് പരാജയപ്പെട്ടു? ലളിതമായി പറഞ്ഞ് ഇവാൻ വുക്മനോവിച്ച്.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ റൗളിൻ ബോർജസ് നേടിയ ഗോളാണ് ഗോവക്ക് വിജയം സമ്മാനിച്ചത്.ഈ സീസണിലെ രണ്ടാമത്തെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വഴങ്ങിയിട്ടുള്ളത്.

അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. എന്തുകൊണ്ടാണ് ഗോവയോട് പരാജയപ്പെട്ടത് എന്നതിന്റെ കാരണങ്ങൾ പരിശീലകനായ വുക്മനോവിച്ച് ഇപ്പോൾ വിലയിരുത്തിയിട്ടുണ്ട്. അതായത് പരിചയസമ്പത്തിന്റെ അഭാവം തങ്ങൾക്ക് തിരിച്ചടിയായി എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഇത്തരം മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കില്ലെന്നും കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാനാവാതെ പോയത് തിരിച്ചടിയായന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മത്സരം വളരെയധികം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചതും. വളരെയധികം പരിചയസമ്പത്തുള്ള താരങ്ങളാണ് ഗോവക്കുള്ളത്. എന്നാൽ ഞങ്ങളുടേത് യുവതാരങ്ങളാണ്. ലീഗിലെ ഏറ്റവും വലിയ യുവ ടീമാണ് ഞങ്ങളുടേത്.ഇത്തരം മത്സരങ്ങൾ കളിക്കുമ്പോൾ പരിചയസമ്പത്ത് ആവശ്യമാണ്. അതിന്റെ അഭാവം തിരിച്ചടിയായി.മാത്രമല്ല ഇത്തരം മത്സരങ്ങളിൽ ലഭിക്കുന്ന ഗോളവസരങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് നിർണായകമാണ്.

ഇത്തരത്തിലുള്ള മത്സരങ്ങളിൽ 10 ഗോൾ അവസരങ്ങൾ ഒന്നും ലഭിക്കില്ല. മറിച്ച് ലഭിക്കുന്ന ഗോളവസരങ്ങൾ ഗോളാക്കി മാറ്റേണ്ടതുണ്ട്. അതിന് ഞങ്ങൾക്ക് സാധിച്ചില്ല.രണ്ടാം പകുതിയിൽ അവരിൽ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.ചില മനോഹരമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാനും സാധിച്ചിരുന്നു. ആദ്യപകുതിയിൽ ടീമിന് വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല,പിന്നീട് ഗോൾ വഴങ്ങിയത് സെറ്റ് പീസിൽ നിന്നാണ്,ഇതിൽ ഞാൻ നിരാശനാണ്, ഇതൊക്കെയാണ് തോൽവിക്ക് കാരണമായത്,പക്ഷേ മത്സരങ്ങളിൽ ഇത്തരത്തിലുള്ള എന്തും സംഭവിക്കാം,വുക്മനോവിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക.മത്സരത്തിൽ ഒരു മികച്ച വിജയം നേടൽ അനിവാര്യമാണ്.ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം കിട്ടുന്ന അവസരങ്ങൾ ഗോൾ അടിക്കുന്നില്ല എന്നത് വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.ചെന്നൈക്കെതിരെയുള്ള മത്സരത്തിലും ഗോവക്കെതിരെയുള്ള മത്സരത്തിലും സുവർണ്ണാവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാഴാക്കിയത്.

indian Super leagueIvan VukomanovicKerala Blasters
Comments (0)
Add Comment