കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പത്താമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലാണ് പന്ത് തട്ടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിനെ കൂടാതെ ഹീറോ സൂപ്പർ കപ്പ്,ഡ്യൂറന്റ് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിലൊക്കെ തന്നെയും ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്.എന്നാൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.
മൂന്ന് തവണയാണ് കപ്പിനും ചുണ്ടിനുമിടയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നഷ്ടമായിട്ടുള്ളത്. മൂന്ന് തവണ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ ഇത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ ഷീൽഡോ ട്രോഫിയോ നേടിക്കൊണ്ട് തങ്ങളുടെ കിരീടവരൾച്ചക്ക് വിരാമമിടാൻ ക്ലബ്ബിന് കഴിയുമെന്ന് പ്രതീക്ഷ ഒരുപാട് ആരാധകർ വച്ചുപുലർത്തുന്നുണ്ട്.
ഒരു കിരീടം നേടാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം കൊതിക്കുന്നുണ്ടെന്നും അതിന് എങ്ങനെ നോക്കി കാണുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകനായ വുക്മനോവിച്ചിനോട് അഭിമുഖത്തിൽ ചോദിച്ചിരുന്നു.ഈ ആരാധകരുടെ ആർമി ഓരോ സീസണിലും കിരീടം അർഹിക്കുന്നുണ്ട് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിനെ കിരീടം നേടി കൊടുക്കാൻ തനിക്ക് സാധ്യമായതെന്തും താൻ ചെയ്യുമെന്നുള്ള ഉറപ്പ് ഈ പരിശീലകൻ നൽകുകയും ചെയ്തിട്ടുണ്ട്.
എല്ലാവരും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാൻ ആഗ്രഹിക്കുന്നു. ഞങ്ങളും ആ കിരീടം നേടാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സ്വപ്നമാണ് ആ ട്രോഫി.ഞങ്ങൾ അതിനു വേണ്ടി വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്നു. ഞങ്ങളുടെ ആരാധകർ ഞങ്ങൾക്ക് എക്സ്ട്രാ മോട്ടിവേഷൻ പകർന്നു നൽകുന്നു. ആരാധകരുടെ ആർമി ഓരോ സീസണിലും ഇത് അർഹിക്കുന്നുണ്ട്. ഞങ്ങൾ അതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളത് തന്നെ പുറത്തെടുക്കും. ഞങ്ങളുടെ കൊച്ചി സ്റ്റേഡിയത്തിൽ ആ ഇമോഷൻ കൊണ്ടുവരാൻ വേണ്ടി എല്ലാവിധ ശ്രമങ്ങളും ഞാൻ നടത്തും. ഒരു ദിവസം കിരീടം കൊച്ചിയിലെത്തും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അതിനുവേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്,വുക്മനോവിച്ച് പറഞ്ഞു.
കിരീടം കൊച്ചി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരിക എന്നത് അദ്ദേഹം സ്വപ്നം കാണുന്നുണ്ട്. അതിനുവേണ്ടി പരമാവധി ശ്രമങ്ങൾ നടത്തും എന്നുള്ള ഉറപ്പ് അദ്ദേഹം നൽകുന്നുമുണ്ട്.പക്ഷേ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കിരീടം നേടണമെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. കാരണം വെല്ലുവിളി ഉയർത്തുന്ന ഒരുപാട് കടുത്ത എതിരാളികളെയാണ് ബ്ലാസ്റ്റേഴ്സിന് മറികടക്കേണ്ടത്.