നമ്മൾ എവിടെയും എത്തിയിട്ടില്ല ഗയ്സ്: മാസ്മരിക വിജയത്തിന് ശേഷം വുക്മനോവിച്ച് നൽകുന്ന മുന്നറിയിപ്പ്
കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മത്സരത്തിലെ റിസൾട്ട് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല.കാരണം സൂപ്പർ കപ്പിൽ അവസാനമായി കളിച്ച രണ്ടു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അതിനുശേഷം ഐഎസ്എല്ലിൽ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.ചുരുക്കത്തിൽ വലിയ ഒരു തകർച്ചയിലേക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പോയിക്കൊണ്ടിരുന്നത്. ഗോവക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ അരമണിക്കൂറും ആ തോന്നൽ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.പക്ഷേ പിന്നീട് പൂർവാധികം ശക്തിയോടുകൂടി ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയായിരുന്നു.
ആരും പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ഒരു വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്.ആദ്യപകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടിക്കൊണ്ട് വിലപ്പെട്ട പോയിന്റുകൾ കരസ്ഥമാക്കുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ഒരു വിജയം ആദ്യമാണ്. ഗോവയുടെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ഒരു തോൽവിയും ആദ്യമാണ്. ഈ വിജയം നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.വുക്മനോവിച്ച് ആഗ്രഹിച്ചതുപോലെയുള്ള ഒരു വിജയം ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു കഴിഞ്ഞു.
പക്ഷേ നമ്മൾ വളരെ മികച്ച ടീമാണ് എന്ന് കരുതുന്നതിൽ അർത്ഥമില്ല എന്ന് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. ഇനിയും പ്രധാനപ്പെട്ട ആറ് മത്സരങ്ങൾ കൂടി നമുക്ക് കടന്നു പോകേണ്ടതുണ്ടെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. നമ്മൾ എവിടെയും എത്തിയിട്ടില്ല എന്നുള്ള ഒരു മുന്നറിയിപ്പാണ് മത്സരശേഷം അദ്ദേഹം ആരാധകർക്കും താരങ്ങൾക്കുമായി നൽകിയിട്ടുള്ളത്.
നമ്മൾ എവിടെയും എത്തിയിട്ടില്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ നോ മാൻസ് ലാൻഡിൽ തന്നെയാണ് നമ്മൾ ഇപ്പോഴും ഉള്ളത്. നമ്മൾ ഇപ്പോൾ വളരെ മികച്ചവരായി മാറി എന്നുള്ളത് ഒരിക്കലും നമ്മൾ ചിന്തിക്കാൻ പാടില്ല. നമുക്ക് ഇനിയും വലിയ ആറ് മത്സരങ്ങൾ കൂടിയുണ്ട്. റെസ്പോണ്ട് ചെയ്യേണ്ട ആറ് വലിയ ചുവടുകൾ കൂടിയുണ്ട്.ഓരോ മിനിറ്റിലും ഓരോ പോയിന്റിനു വേണ്ടിയും നമ്മൾ ഫൈറ്റ് ചെയ്യേണ്ടതുണ്ട്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരത്തിൽ ബംഗളൂരു എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന മാർച്ച് രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഉള്ളത്. 16 മത്സരങ്ങളിൽ നിന്ന് 9 വിജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.ഒന്നാം സ്ഥാനത്ത് ഇപ്പോഴും ഒഡീഷ തന്നെയാണ് തുടരുന്നത്.