ഇവാനാശാൻ വരുന്നു, ആരാധകരെ കാണാൻ റിയാദിലേക്ക്!
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനാണ്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫ് കടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.പക്ഷേ കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ സീസൺ പൂർത്തിയായതിനു പിന്നാലെ ഇവാൻ വുക്മനോവിച്ചിന് തന്റെ പരിശീലക സ്ഥാനം നഷ്ടമാവുകയായിരുന്നു.
നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറേ ചുമതല ഏറ്റിട്ടുണ്ട്. അതേസമയം ഇവാൻ വുക്മനോവിച്ച് നിലവിൽ ഫ്രീ ഏജന്റ് ആണ്. മറ്റേത് ക്ലബ്ബിന്റെയും പരിശീലക സ്ഥാനം ഇതുവരെ അദ്ദേഹം ഏറ്റെടുത്തിട്ടില്ല. മാത്രമല്ല ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം അദ്ദേഹം ഇന്ത്യയിലേക്കോ കേരളത്തിലേക്കോ വന്നിട്ടുമില്ല. ആരാധകർ അദ്ദേഹത്തെ പലപ്പോഴായി കൊച്ചിയിലേക്ക് ക്ഷണിക്കാറുണ്ട്.
എന്നാൽ പ്രവാസ ലോകത്തുള്ള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇവാനാശാനെ കാണാനുള്ള ഒരു അവസരം വരുന്നുണ്ട്. മലയാളത്തിലെ പ്രമുഖ മാധ്യമമായ മീഡിയ വൺ റിയാദിൽ വച്ചുകൊണ്ട് ഒരു സൂപ്പർ കപ്പ് സംഘടിപ്പിക്കുന്നുണ്ട്.ഒക്ടോബർ 17,18,24,25 തീയതികളിലായി കൊണ്ടാണ് ഇത് നടക്കുന്നത്. റിയാദിലെ അൽ മുതവാ പാർക്ക് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഇത് നടക്കുന്നത്.
ഈ ടൂർണമെന്റിലെ മുഖ്യാതിഥിയായി കൊണ്ടാണ് ഇവാൻ വുക്മനോവിച്ച് റിയാദിൽ എത്തുന്നത്. അവിടെവച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ പരിശീലകനുമായി സംവദിക്കാനുള്ള അവസരം ഉണ്ടാകും.ഇവാൻ വുക്മനോവിച്ച് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഏതായാലും വുക്മനോവിച്ച് വരുന്നതോടുകൂടി കൂടുതൽ ആരാധകർ ഈ ടൂർണമെന്റിൽ പങ്കാളികളാവും എന്ന് ഉറപ്പാണ്.