കേരള ബ്ലാസ്റ്റേഴ്സ് വളരെ ദയനീയമായ ഒരു സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 10 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലിലും തോൽക്കുകയായിരുന്നു. അതിൽ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടത് സ്വന്തം സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ്.
അങ്ങനെ എല്ലാംകൊണ്ടും ബ്ലാസ്റ്റേഴ്സിന് നാണക്കേടുകൾ മാത്രം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇത്. അതുകൊണ്ടുതന്നെ ആരാധകർ എല്ലാവരും കടുത്ത അമർഷത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേക്ക് വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. അദ്ദേഹത്തെ ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ആരാധകരും ഏറെയാണ്.
എന്നാൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ തന്റെ അഭിപ്രായം എക്‌സിൽ അഥവാ പഴയ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അതായത് സ്റ്റാറേയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല എന്നാണ് അദ്ദേഹം പറയുന്നത്.ഇവാനെ തിരികെ കൊണ്ടുവരേണ്ടതില്ലെന്നും പകരം സ്റ്റാറേക്ക് ഒരു വർഷത്തെ സമയവും അദ്ദേഹം ആവശ്യപ്പെടുന്ന താരങ്ങളെയും ലഭ്യമാക്കുക എന്നതാണ് ചെയ്യേണ്ടത് എന്നുമാണ് ഈ ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
‘മികയേൽ സ്റ്റാറേയെ നമുക്ക് ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം നമ്മുടെ ഇന്ത്യൻ സ്ക്വാഡിന്റെ അവസ്ഥ അതാണ്.കളിക്കാനുള്ള എനർജി പലർക്കും ഇല്ല. ഒരു വർഷം കൂടി ഈ പരിശീലകൻ തന്നെ തുടരട്ടെ. എന്നിട്ട് അദ്ദേഹം ആഗ്രഹിക്കുന്നത് എന്തൊക്കെയാണോ,അതൊക്കെ അദ്ദേഹത്തിന് മാനേജ്മെന്റ് നൽകട്ടെ.ഇവാനെ തിരിച്ചുകൊണ്ടുവരിക എന്ന ക്യാമ്പയിനോട് എനിക്ക് വലിയ താല്പര്യം ഒന്നുമില്ല.കാരണം അത് കഴിഞ്ഞ കാലമാണ്. അതിൽനിന്നും നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്.നിലവിൽ നമുക്ക് ഉള്ളതെന്താണോ അതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആ ആരാധകൻ എഴുതിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ക്വാഡ് ദുർബലമാണ് എന്നത് ഒരു വസ്തുതയാണ്. വിദേശ താരങ്ങളുടെ വ്യക്തിഗത മികവുകൾ മാത്രമാണ് പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ തുണക്കുന്നത്. ഒരുകാലത്ത് മികച്ച ഇന്ത്യൻ സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. എന്നാൽ പല താരങ്ങളെയും വിറ്റ് ഒഴിവാക്കിയത് അക്ഷരാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു.