കഴിഞ്ഞ സീസണിലെ ഐ ലീഗ് കിരീടം കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻസാണ് സ്വന്തമാക്കിയത്. അതുവരെ ഈ ഐഎസ്എല്ലിലേക്കുള്ള യോഗ്യത അവർ സ്വന്തമാക്കിയിരുന്നു. പക്ഷേ മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ മുഹമ്മദൻസിന് കഴിഞ്ഞിട്ടില്ല.7 മത്സരങ്ങൾ കളിച്ചിട്ട് കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.പോയിന്റ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് അവർ ഉള്ളത്.
അതുകൊണ്ടുതന്നെ അവരുടെ ആരാധകരിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. പരിശീലകനായ ആൻഡ്രി ചെർനി ഷോവിന്റെ സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. അദ്ദേഹത്തെ ക്ലബ്ബ് പുറത്താക്കിയേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. പകരം അവർ ടീമിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന പരിശീലകരിൽ ഒരാൾ ഇവാനാശാനാണ്.മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ കൊണ്ടുവരാൻ അവർക്ക് താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ സജീവമായി കഴിഞ്ഞു.
കൊൽക്കത്തൻ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മുഹമ്മദൻസ് ഓഫറുമായി പരിശീലകനെ സമീപിച്ചേക്കും. എന്നാൽ ഇവാൻ ഇത് സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളത് വ്യക്തമല്ല. നേരത്തെ തന്നെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സിനെ അല്ലാതെ മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.ആ നിലപാടിൽ ഉറച്ചു നിൽക്കണമെങ്കിൽ ഈ ഓഫർ അദ്ദേഹം നിരസിക്കേണ്ടിവരും.
മറ്റൊരു കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ ഇവാന് വേണ്ടി നേരത്തെ ശ്രമിച്ചിരുന്നു.എന്നാൽ പരിശീലകൻ അത് നിരസിക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സ് ക്ഷണിച്ചാൽ മടങ്ങിവരാൻ തയ്യാറാണെന്ന് ഇവാൻ ഈയിടെ പറയുകയും ചെയ്തിരുന്നു.ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ സ്റ്റാറേയെ പുറത്താക്കി ഇവാനെ കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.ഏതായാലും ഇവാന്റെ ഭാവി എന്താകും എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.