കേരള ബ്ലാസ്റ്റേഴ്സിലൂടെ വളർന്ന മലയാളി സൂപ്പർ താരമാണ് നിഹാൽ സുധീഷ്.2019 മുതൽ ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്.കഴിഞ്ഞ സീസണിലൊക്കെ സീനിയർ ടീമിന് വേണ്ടി കളിക്കാനുള്ള അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു.പക്ഷേ നിലവിൽ താരം പഞ്ചാബ് എഫ്സിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം പഞ്ചാബിലേക്ക് പോയിട്ടുള്ളത്.
ഗംഭീര പ്രകടനമാണ് അദ്ദേഹം അവിടെ നടത്തുന്നത്.ആദ്യത്തെ രണ്ട് മത്സരങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഏതായാലും പുതുതായി ഖേൽ നൗവിന് നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കുറിച്ച് ഒരുപാട് കാര്യങ്ങൾ നിഹാൽ സംസാരിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെയും ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇവാൻ വുക്മനോവിച്ചിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരു താരം എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും വളരാൻ തന്നെ സഹായിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണെന്നും നിഹാൽ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
‘ മാനസികമായി കരുത്തനാവാൻ എന്നെ പഠിപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. അവർ എന്നെ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയും മെച്ചപ്പെട്ട താരവുമാക്കി തീർത്തു.ഇവാൻ വുക്മനോവിച്ചിൽ നിന്നും എല്ലാ ദിവസവും എനിക്ക് കാര്യങ്ങൾ പഠിക്കാൻ കഴിയുമായിരുന്നു. അവർ കളിക്കുന്നത് കുട്ടിക്കാലം തൊട്ടേ കാണുന്ന ആളാണ് ഞാൻ.അവരോടൊപ്പം കളിച്ചു,എന്തൊക്കെ ചെയ്യണം എന്നുള്ളത് അവരിൽ നിന്നും പഠിച്ചു.ഒരുപാട് കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നും പഠിക്കാനായി. അതുവഴി ഇമ്പ്രൂവ് ആവാനും സാധിച്ചു ‘ഇതാണ് നിഹാൽ പറഞ്ഞിട്ടുള്ളത്.
അദ്ദേഹത്തിന്റെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നാണ്. ക്ലബിനകത്ത് വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടായിരുന്നു താരം ലോണിൽ ക്ലബ്ബ് വിട്ടത്. എന്നാൽ അടുത്തവർഷം അദ്ദേഹം തിരികെ വരും.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.