കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം വളരെ നിരാശാജനകമാണ്. എന്തെന്നാൽ കഴിഞ്ഞ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽവി രുചിക്കുകയായിരുന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ ആരാധകർ സന്തോഷിച്ചിരുന്നു. എന്നാൽ ആ സന്തോഷത്തിന്റെ ആയുസ്സ് വളരെ ചെറുതായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതിൽ മൂന്നു മത്സരങ്ങളും കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് പരാജയപ്പെട്ടിട്ടുള്ളത്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുപോലും കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ വിജയിക്കാൻ സാധിക്കുന്നില്ല.അത്രയും പരിതാപകരമായ ഒരു അവസ്ഥയിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ ഇവാൻ വുക്മനോവിച്ചും നിലവിലെ പരിശീലകനായ മികയേൽ സ്റ്റാറേയും തമ്മിലുള്ള അന്തരം വളരെ വലുതാണ്.പറയാൻ കാരണം കൊച്ചിയിലെ റിസൾട്ടുകൾ തന്നെയാണ്. കഴിഞ്ഞ സീസണിലെ കൊച്ചിയിലെ റിസൾട്ട്കളും ഈ സീസണിലെ കൊച്ചിയിലെ റിസൾട്ട്കളും തമ്മിൽ നമുക്ക് ഒരു താരതമ്യം നടത്തി നോക്കാം.ആദ്യത്തെ 6 മത്സരങ്ങളുടെ കണക്കുകളാണ് നമ്മൾ പരിഗണിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഇവാനാശാന് കീഴിൽ കൊച്ചിയിൽ ആദ്യത്തെ ആറു മത്സരങ്ങൾ കളിച്ചപ്പോൾ നാലു മത്സരങ്ങളിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. രണ്ട് സമനിലകൾ വഴങ്ങുകയായിരുന്നു. അതിനർത്ഥം സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു തോൽവി പോലും ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ ഏറ്റുവാങ്ങേണ്ടി വന്നിരുന്നില്ല എന്നതാണ്. എന്നാൽ ഇത്തവണ സ്റ്റാറേക്ക് കീഴിൽ അങ്ങനെയല്ല കാര്യങ്ങൾ.
കൊച്ചിയിൽ ആറു മത്സരങ്ങൾ കളിച്ചപ്പോൾ കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അതായത് നാലുതവണയാണ് ആരാധകർക്ക് കൊച്ചി സ്റ്റേഡിയത്തിൽ നിന്നും വളരെയധികം നിരാശയോട് കൂടി മടങ്ങേണ്ടിവന്നത്. അതുകൊണ്ടുതന്നെയാണ് അറ്റൻഡൻസിന്റെ കാര്യത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുള്ളതും. ഇത്രയധികം ആരാധക പിന്തുണ ഉണ്ടായിട്ട് സ്വന്തം മൈതാനത്ത് പോലും വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ബ്ലാസ്റ്റേഴ്സ് അധിക ദൂരം മുന്നോട്ടു പോവുക എന്നാണ് ആരാധകർ ചോദിക്കുന്നത്.